ഐസ്വാള്‍•മുന്‍ സംസ്ഥാന പ്രസിഡന്റ് അടക്കം 17 മിസോറം ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടു. കേന്ദ്രത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ ‘വ്യാജ’മെന്നും ‘ആശയറ്റ’തെന്നും വിശേഷിപ്പിച്ചാണ് ബി.ജെ.പി മിസോറം യൂണിറ്റ് മുന്‍ പ്രസിഡന്റ് ഖവ്വേല്‍തങ്ക റാല്‍തെയും മൂന്ന് മുന്‍-എം.എല്‍.എ സ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടത്.
മുന്‍ സംസ്ഥാന ബി.ജെ.പി മീഡിയ ചെയര്‍മാന്‍ ലാല്‍റോസാര വ്യാഴാഴ്ച ഐസ്വാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് നേതാക്കള്‍ കൂട്ടരാജി പ്രഖ്യാപനം നടത്തിയത്.
തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന ബി.ജെ.പി സർക്കാറിൽ തങ്ങള്‍ നിരാശരാണെന്ന് ലാൽറോസാര പറഞ്ഞു. മിസോറമിലും കേന്ദ്രത്തിലും നല്ല ഭരണകൂടം സ്ഥാപിക്കുമെന്ന പ്രതീക്ഷയോടെയാണ് തങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജിവച്ച നേതാക്കളും ലാല്‍റോസാരയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും പുല്‍വാമ ആക്രമണത്തില്‍ തിരിച്ചടി നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നേതാക്കള്‍ ആരോപിച്ചു.
അതേസമയം, മറ്റു പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തങ്ങള്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments