Latest NewsKerala

പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷമായ സംഭവം : ഉറവിടം തേടിയിറങ്ങി ഓപ്പറേഷന്‍ ഉഡാന്‍

തിരുവനന്തപുരം :പൊലീസ് ആസ്ഥാനത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ പ്രത്യക്ഷമായ സംഭവം. ഉറവിടം തേടിയിറങ്ങി ഓപ്പറേഷന്‍ ഉഡാന്‍. . തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് ‘ഓപ്പറേഷന്‍ ഉഡാന്‍’ എന്ന പേരില്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

വ്യോമസേന, ഐഎസ്ആര്‍ഒ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. കോവളത്തു 4 ദിവസം മുന്‍പു മറ്റൊരു ഡ്രോണ്‍ അര്‍ധരാത്രി പറന്നതിനു പിന്നാലെയാണു പരിഭ്രാന്തി പടര്‍ത്തി രണ്ടാംവട്ടം ഡ്രോണ്‍ പറന്നത്. ഇതു ‘കളിപ്പാട്ട ഡ്രോണ്‍’ ആണെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സുരക്ഷാ മേഖലകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ രണ്ടാമതും പറന്നതു സേനയെ ഞെട്ടിച്ചിരിക്കുകയാണ്.

നിരീക്ഷണ ക്യാമറകളുടെ മുകളിലൂടെ പറന്നതിനാല്‍ മിക്ക ക്യാമറാ കണ്ണുകളിലും ഇതു പെട്ടില്ല. എന്നാല്‍ ക്ഷേത്രപരിസരത്തെ ഒരു ക്യാമറയില്‍ രാത്രി 11.15 ന് ഇതു പതിഞ്ഞു. അതിനു 15 മിനിറ്റ് മുന്‍പാണു പൊലീസ് ആസ്ഥാനത്തിനു സമീപം ഇതു കണ്ടത്. വിദഗ്ധരുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാനോ ഡ്രോണ്‍ വിഭാഗത്തില്‍ പെട്ടതാണെന്നു സ്ഥിരീകരിച്ചു. ഇതു പറത്താന്‍ ലൈസന്‍സ് വേണ്ട. എന്നാല്‍ ഇതാരുടേതാണെന്നു കണ്ടെത്തിയിട്ടില്ല.

റെയില്‍വേക്കു വേണ്ടി സര്‍വേ നടത്തുന്ന മഹാരാഷ്ട്രയിലെ ഏജന്‍സിയുടെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. നേമം മുതല്‍ നാഗര്‍കോവില്‍ വരെയാണ് അവര്‍ ഡ്രോണ്‍ ഉപയോഗിച്ചു സര്‍വേ നടത്തുന്നത്. 17 നു തുടങ്ങിയ സര്‍വേ തിങ്കള്‍ ഉച്ചയോടെ തീര്‍ന്നു. നഗരത്തിലേക്കു തങ്ങളുടെ ഡ്രോണ്‍ പറപ്പിച്ചിട്ടില്ലെന്നാണു ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ അവരുടെ ഒരു ഡ്രോണ്‍ നിയന്ത്രണം വിട്ടു നഷ്ടമായെന്നും അറിയിച്ചു. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
:

shortlink

Related Articles

Post Your Comments

Related Articles


Back to top button