ചേര്‍പ്പ് : പ്രളയത്തിനിടയില്‍ ബാങ്കില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിലായി. മാസങ്ങള്‍ക്ക് മുമ്പുള്ള മോഷണവിവരം പുറത്തായത് വാഹനപരിശോധനയ്ക്കിടെയാണ്. ബാങ്കില്‍ പണയംവച്ച 5.50 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പ്രളയത്തിനിടെ കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ ബാങ്ക് ജീവനക്കാരന്‍ ആറാട്ടുപുഴ സ്വദേശി ഇട്ടിയേടത്ത് വീട്ടില്‍ ശ്യാം വാഹന പരിശോധനക്കിടെ (25) പിടിയിലായി. കാറില്‍ ഒളിപ്പിച്ച 23 പവനാണ് കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പൂച്ചുണ്ണിപാടത്ത് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണു ശ്യാം കുടുങ്ങിയത്. കാറില്‍ കണ്ട സ്വര്‍ണത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്.
യൂണിയന്‍ ബാങ്ക് ചാലക്കുടി ബ്രാഞ്ചിലെ പ്യൂണ്‍ ആണു ശ്യാം. വെള്ളം കയറിയതിനെ തുടര്‍ന്നു സ്വര്‍ണം മാറ്റുന്നതിനിടെ പല ദിവസങ്ങളിലായാണു ശ്യാം കവര്‍ന്നത്. ദീര്‍ഘനാളത്തേക്കു പണയംവച്ചതു നോക്കിയാണ് മോഷ്ടിച്ചത്. അതിനാല്‍ 7 മാസം കഴിഞ്ഞിട്ടും ബാങ്ക് അധികൃതര്‍ അറിഞ്ഞില്ല. സ്വര്‍ണം വീട്ടില്‍ വയ്ക്കാതെ കാറില്‍ സൂക്ഷിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പ്രതിയെ ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കു കൈമാറി. പിന്നീട് ചേര്‍പ്പ് സിഐ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച സ്വര്‍ണത്തിന്റെ യഥാര്‍ഥ കണക്ക് അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നു പൊലീസ് പറഞ്ഞു.
:
Post Your Comments