തിരുവനന്തപുരം: സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. അപകടങ്ങള്‍ വര്‍ധിക്കുകയും കുട്ടികളുടെ മരണ സംഖ്യ ഉയരുകയും ചെയ്തതോടെയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ ബാലവകാശ കമ്മീഷന്‍ നിര്‍ബന്ധിതരായത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാവാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി വാഹനങ്ങളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കുന്നതിനു നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തണമെന്നു കമ്മിഷന്‍ മോട്ടോര്‍ വാഹനവകുപ്പിനും നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തണം. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വി ബാലയുടെയും കാറപകട മരണ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണു നടപടി.
13 വയസ്സില്‍ താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നതാണു സുരക്ഷിതമെന്നാണു ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എയര്‍ബാഗ് മുതിര്‍ന്നവര്‍ക്കു സുരക്ഷിതമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അപകടമായതിനാല്‍ അവര്‍ക്കു വേണ്ടി ബേബി സീറ്റ് ഘടിപ്പിക്കണമെന്നും ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
Post Your Comments