KeralaLatest News

വോട്ടു ചെയ്യാന്‍ സ്വന്തം മണ്ഡലത്തിലേക്ക് പോകാന്‍ സാധിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും ഏപ്രില്‍ 23ന് വോട്ടുചെയ്യാന്‍ സ്വന്തം മണ്ഡലത്തിലേക്കു പോകാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയിലേക്ക് ഓണ്‍ലൈന്‍ ആയി പേരുമാറ്റാന്‍ ഇന്നുകൂടി അവസരമുണ്ട്. www.ceo.kerala.gov.in. ഹെല്‍പ്ലൈന്‍ നമ്പര്‍ 1950. വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പുതുതായി പേരുചേര്‍ക്കാനുള്ള അവസാന തീയതിയും ഇന്നാണ്. കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേരുചേര്‍ക്കാം.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബാംഗങ്ങളുടെയോ അയല്‍വാസിയുടെയോ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കണം. നിര്‍ദേശങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദേശത്തുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാവില്ല. പട്ടികയില്‍ വിവരങ്ങള്‍ ചേര്‍ത്തതിന്റെ തല്‍സ്ഥിതിയും www.nvsp.in വെബ്‌സൈറ്റിലുടെ അറിയാനാകും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു ഉള്‍പ്പെടെ സൗകര്യമുണ്ട്. പ്ലേസ്റ്റോര്‍, ഐട്യൂണ്‍സ് എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ എല്ലാ വോട്ടര്‍മാരുടെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരാതികള്‍ അറിയിക്കാനും വോട്ടിങ് യന്ത്രം, രാജ്യത്ത് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍, തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം. ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യമുണ്ട്.

പഞ്ചായത്ത് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ എത്തി പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാം. ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും (ceo.kerala.gov.in) പട്ടിക ലഭ്യമാണ്. വോട്ടര്‍മാരുടെ ചിത്രം ഇല്ലാത്ത പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 1950 എന്ന ടോള്‍ഫ്രീ നമ്പറിലും വിളിച്ചാല്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ഈ നമ്പറില്‍ അറിയിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button