പനാജി: മനോഹര്‍ പരീക്കറിന്റെ മൃദേഹം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് ശുദ്ധി ക്രിയ നടത്തിയ സംഭവം വിവാദമാകുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച കലാ അക്കാദമിയില്‍ പൂജാരിമാരെ കൊണ്ടുവന്നു ശുദ്ധിക്രിയ നടത്തി. സംഭവം വന്‍ വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇത്തരം അശാസ്ത്രീയ ആചാരങ്ങള്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ അനുവദിക്കില്ലെന്നും അന്വേഷണം നടത്തുമെന്നും ഗോവ സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ അറിയിച്ചു. ശുദ്ധിക്രിയ നടത്തിയതിനെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
നാല് ഹിന്ദു പൂജാരിമാര്‍ എത്തി സ്ഥലത്ത് മന്ത്രോച്ചാരണവും മറ്റും നടത്തിയതായി അക്കാദമി മെമ്പര്‍ സെക്രട്ടറി ഗുരുദാസ് പിലേനേക്കര്‍ പറഞ്ഞു. അക്കാദമി ജീവനക്കാരാണ് ഇവരെ കൊണ്ടുവന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ശുദ്ധിക്രിയയാണ് നടത്തിയതെന്ന് അദ്ദേഹം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ഈ മാസം 17നാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്.
Post Your Comments