കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിനെ പരിഹസിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. രാഹുലിനെതിരെ വംശായാധിക്ഷേപം നടത്തി എന്നു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് തവനൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത് തൊറയാറ്റില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം പോലീസിനാണ് രഞ്ജിത്ത് പരാതി നല്‍കിയിരിക്കുന്നത്.
പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ ജി എന്ന വാചകത്തോടൊപ്പം ഒരു ചിത്രത്തോടു കൂടിയായിരുന്നു ജലീലിന്റെ പോസ്റ്റ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെചേര്‍ത്തിരിക്കുന്ന ട്രോള്‍ ചിത്രമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നാണ് ട്രോള്‍ ചിത്രത്തിലെ വാചകം. ഈ പോസ്റ്റ് രാഹുല്‍ ഗാന്ധിയെയും ഇതരസംസ്ഥാനക്കാരെയും വംശീയമായി അധിക്ഷേപിക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം.
അതേസമയം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വി.ടി. ബല്‍റാം എം.എല്‍.എയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും മറ്റു കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശം വംശീയപരമാണെന്നും ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്നും വിവേകശൂന്യമായ അല്പബുദ്ധിയാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.
Post Your Comments