മാവേലിക്കര: റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവം കൊലപാതകമെന്നു സംശയം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹതകളാണ് പ്രതിയായ എം.ജെ ജേക്കബ് മരിച്ചത് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് നീളുന്നത്. ജേക്കബിന്റെ ശ്വാസനാളത്തില്‍ കര്‍ച്ചീഫ് കുടുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത് മറ്റാറെങ്കിലും ബലം പ്രയോഗിച്ച് വായില്‍ കടത്തിയതാണോ, സ്വയം വിഴുങ്ങിയതാണോ എന്നതാണ് അറിയേണ്ടത്.
സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയിലില്‍ എത്തി ഉദ്യോഗസ്ഥരുടേയും സഹതടവുകാരുടേയും മൊഴി എടുത്തു. വ്യാഴാഴ്ച രാവിലെയാണ് സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയും കുമരകം സ്വദേശിയുമായ എം.ജെ.ജേക്കബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജേക്കബ് മരിച്ചത് ശ്വാസതടസം നേരിട്ടാണെന്നാണ് ലഭിച്ചിരിക്കുന്നതെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര പറഞ്ഞു. ശ്വാസനാളത്തില്‍ കര്‍ചീഫ് പോലുള്ള തുണി കുരുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്വയം വിഴുങ്ങിയതാണോ, മറ്റാരെങ്കിലും ബലം പ്രയോഗിച്ച് വായില്‍ കടത്തിയതാണോ എന്ന് പറയാനാവുകയുള്ളെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി ജയിലില്‍ എത്തിയ ജേക്കബ് പിറ്റേ ദിവസം മരണപ്പെടുകയായിരുന്നു.
Post Your Comments