വാഷിംഗ്ടണ്‍: യുഎസില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച സ്പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പദവിയില്‍ കരിനിഴല്‍ വീഴ്ത്തിയ ആരോപണത്തിലെ അന്വേഷണമാണ് പൂര്‍ത്തിയായത്. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ റഷ്യ ഇടപെട്ടെന്ന ആരോപണം വലിയ കോളിളക്കമാണ് യുഎസ് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയത്. അത് അന്വേഷിക്കാന്‍ 2017 മെയിലാണ് യുഎസ് കോണ്‍ഗ്രസ് റോബര്‍ട്ട് മുള്ളറെ ചുമതലപ്പെടുത്തിയത്.
നീണ്ട 21 മാസത്തെ അന്വേഷണത്തില്‍ 34 പേര്‍ക്കെതിരെ മുള്ളര്‍ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ഉടന്‍ തന്നെ യുഎസ് കോണ്‍ഗ്രസില്‍ വെക്കും. റിപ്പോര്‍ട്ട് ഇരുസഭകളിലും പൊതുജനങ്ങള്‍ക്ക് മുന്നിലും പരസ്യപ്പെടുത്തണമെന്നാണ് ജനപ്രതിനിധി സഭയുടെ ആവശ്യം.
ട്രംപിന്റെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നേരെയും ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ അടുപ്പക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ചുമത്തി. അറ്റോര്‍ണി ജനറല്‍ വില്യം ബാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
Post Your Comments