തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ ഏഴ് ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. എന്നാല്‍ മൂന്ന് പേരെ തരംതാഴ്ത്തിയ നടപടിയില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഈ മൂന്ന് പേരുടെ അപ്പീലുകള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി പരിശോധിച്ച് മൂന്ന് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
കോട്ടയം സി.ബി.സി.ഐ.ഡി ഡി.വൈ.എസ്.പിയായിരുന്ന എസ്. അശോക് കുമാര്‍, ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന ടി. അനില്‍കുമാര്‍, മലപ്പുറം എസ്.ബി.സി.ഐ.ഡി ഡിവൈ.എസ്.പിയായിരുന്ന ആര്‍. സന്തോഷ് കുമാര്‍, എറണാകുളം റൂറല്‍ ജില്ലാക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പിയായിരുന്ന കെ. എസ് ഉദയഭാനു, എറണാകുളം റൂറല്‍ ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന വി.ജി രവീന്ദ്രനാഥ്, വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയായിരുന്ന എം.കെ മനോജ് കബീര്‍, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെഡി.വൈ.എസ്.പിയായിരുന്ന ഇ. സുനില്‍കുമാര്‍ എന്നിവരുടെ തരംതാഴ്ത്തലാണ് കെ.എ.ടി റദ്ദാക്കിയത്.
ഇവരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയത്തില്‍ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി പുനരാലോചന നടത്താന്‍ കോടതി നിര്‍ദേശിച്ചു.മട്ടാഞ്ചേരി ഡി.വൈ.എസ്.പിയായിരുന്ന എസ്. വിജയന്‍, മലപ്പുറം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എം. ഉല്ലാസ് കുമാര്‍, പാലക്കാട് എസ്.ബി.സി.ഐ.ഡി ഡി.വൈ.എസ്.പിയായിരുന്ന എ. വിപിന്‍ദാസ് എന്നിവരുടെ ഹരജി ട്രൈബ്യൂണല്‍ തള്ളി.അതേസമയം, ഇവര്‍ നല്‍കിയ അപ്പീല്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് വിലയിരുത്തിയാണ് ആവശ്യം നിരസിച്ചത്.
Post Your Comments