എസ്എഫ്‌ഐ സംസ്ഥാനസമിതി മുന്‍ അംഗം ഇടുക്കിയിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ ഇരുമുന്നണികളും കരുതലോടെയാണ് കരുനീക്കം നടത്തുന്നത്. ബിഡിജെഎസിനാണ് ഇടുക്കി സീറ്റെന്ന് ഉറപ്പായങ്കെിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഒടുവില്‍ അത് എസ്എന്‍ഡിപിയുടെ കറയറ്റ നേതാവും തൊടുപുഴയിലെ സാമുദായിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ബിജു കൃഷ്ണനാണെന്ന് ഉറപ്പായതോടെ ഇടുക്കിയില്‍ അങ്കം മുറുകുമെന്നുറപ്പ്.
എന്‍ഡിഎയ്ക്ക് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണെങ്കിലും നിമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ഇടുക്കി നിയോജകമണ്ഡലങ്ങളില്‍ എന്‍ഡിഎ കാഴ്ച്ച വച്ച വന്‍മുന്നേറ്റം മറക്കാനാകില്ല എല്‍ഡിഎഫ് യുഡിഎഫ് നേതൃത്വങ്ങള്‍ക്ക്. സിപിഎമ്മില്‍ നിന്ന് കെആര്‍ ഗൗരിയമ്മ ഇറങ്ങിയപ്പോള്‍ കൂടെപ്പോന്നതാണ് ബിജു കൃഷ്ണന്‍. ജെഎസ്എസ് രൂപീകരിക്കപ്പെട്ടപ്പോള്‍ മുന്‍നിരയില്‍ തന്നെഉണ്ടായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് കരിമണ്ണൂര്‍ഡിവിഷനില്‍ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി ബിജു കൃഷ്ണന്‍ മത്സരിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി കാലിടറി വീണു. സിറ്റിംഗ് സീറ്റില്‍ മത്സരിച്ച സിപിഎമ്മിലെ ജില്ലാസെക്രട്ടറിയേറ്റ് അംഗത്തെ മൃഗീയ ഭൂരിപക്ഷത്തിനാണ് ബിജു തോല്‍പ്പിച്ചത്. 95 ല്‍ മുതിര്‍ന്ന സിപിഎം നേതാവ് പിഎം മനുവലിനെയാണ് ബിജു പരാജയപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗമായത്. 2004 മുതല്‍ 2009 വരെ തൊടുപുഴ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. നിലവില്‍ സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായ എച്ച് ആര്‍ഡിഎസ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്.
ജെഎസ്എസ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായപ്പോഴാണ് ബിജു കൃഷ്ണന്‍ ബിഡിജെഎസിലൈത്തിച്ചത്. തുഷാര്‍ വെള്ളപ്പള്ളിയുമായുള്ള സൗഹൃദവും നേതൃത്വക്ഷമതയും പാര്‍ട്ടിയില്‍ അനിഷേധ്യനാക്കി. അങ്ങനെയാണ് ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം ബിജു കൃഷ്ണനെ തേടിയെത്തിയത്. അഞ്ച് നിയോജകമണ്ഡലങ്ങളിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തരുറ്റ സാന്നിധ്യമറിയിച്ചത്. എല്‍ഡിഎഫ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പരാജയത്തിന് കാരണമായതും എന്‍ഡിഎ നേടിയ വോട്ടുകള്‍ തന്നെയായിരുന്നു. എന്തായാലും ഇക്കുറി ലോക്‌സഭാമണ്ഡലത്തിലേക്ക് പ്രബലനായ സ്ഥാനാര്‍ത്ഥിയെ അയച്ച് എന്‍ഡിഎ വോട്ട് ബാങ്ക് ശക്തമാക്കാനൊരുങ്ങുമ്പോള്‍ ഇടുക്കിയില്‍ ജയം ഇടതിനോ വലതിനോ എന്നത് പ്രവചനാതീതം തന്നെ.
ഡീന്‍ കുര്യാക്കോസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഏറെ അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും ഒടുവിലായിരുന്നു യുഡിഎപ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.. അതേസമയം എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളോ തര്‍ക്കമോ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ സിറ്റിംഗ് എംപി ജോയ്‌സ് ജോര്‍ജ് ഒന്നാംഘട്ട പ്രചരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്‍ഡിഎപ് യുഡിഎപ് സ്ഥാനാര്‍ത്ഥിചിത്രം വ്യക്തമായപ്പോഴും എന്‍ഡിഎ ആരെ പടക്കളത്തിലിറക്കും എന്നത് വ്യക്തമായിരുന്നില്ല. പ്രബലരായ രണ്ട് പേര്‍ പോര്‍ക്കളത്തിലിറങ്ങിയതോടെ ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുമ്പോഴാണ് ബിജു കൃഷ്ണന്റെ വരവ്.
ജോയ്‌സിന്റെയും ഡീനിന്റെയും രണ്ടാം അംങ്കത്തിനാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്. 50400 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയം ജോയ്സിനൊപ്പമായിരുന്നു.അന്ന് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനായിരുന്നു ഭൂരിപക്ഷം. പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി, ദേവികുളം നിയോജകമണ്ഡലങ്ങളിലാണ് ജോയ്സിന് ഭൂരിപക്ഷം ലഭിച്ചത്. ഡീന്‍ കുര്യാക്കോസ് കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മണ്ഡലങ്ങളിലും ലീഡ് നേടി. 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴില്‍ അഞ്ചും എല്‍ഡിഎഫിന് ഒപ്പം നിന്നു. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളാണ് എല്‍ഡിഎഫ് നേടിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സമ്പൂര്‍ണ പരാജയമായിരുന്നു. ഇടുക്കി, തൊടുപുഴ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസിന് ഒപ്പം നിന്നതു മാത്രമാണ് യുഡിഎഫിന് നേട്ടമായത്. 2015ല്‍ നടന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മേല്‍കോയ്മയാണ് കണ്ടത്.
Post Your Comments