ബംഗളൂരു: തന്റെ പേരിൽ വ്യാജരേഖ പുറത്തുവിട്ടവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും സംസ്ഥാന അദ്ധ്യക്ഷനുമായ ബിഎസ് യെദ്യൂരപ്പ. കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം കള്ളവും അപ്രധാനവുമാണ്. ഈ രേഖകകൾ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുൻപുതന്നെ അത് അവസാനിച്ചതിന് സമാനമാണെന്നും യെദ്യൂരപ്പ പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.മുഖ്യമന്ത്രിയായി തുടരാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1800 കോടി രൂപ കോഴ നൽകിയെന്ന വാർത്ത കാരവൻ മാസികയാണ് പുറത്തുവിട്ടത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ ഇത് ഏറ്റുപിടിച്ച് രംഗത്തെത്തുകയായിരുന്നു. അപ്പോൾ തന്നെ കോൺഗ്രസിന് മറുപടിയായി യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും ബിജെപി പുറത്തുവിട്ടിരുന്നു.കോൺഗ്രസ് ഉന്നയിച്ച ആരോപണം മല പോലെ വന്ന് എലി പോലെ പോയെന്നാണ് ബിജെപിയുടെ പരിഹാസം.
ദുർബലമായ ആരോപണമായതുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്താതിരുന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. അഴിമതിക്കേസിൽ കുടുങ്ങി ജാമ്യത്തിലിറങ്ങിയത് കോൺഗ്രസ് നേതാക്കളാണ്. സിദ്ധരാമയ്യയുടെ വിശ്വസ്തന്‍റെ ഡയറിയിൽ രാഹുൽ ഗാന്ധിക്ക് പണം നൽകിയെന്ന വെളിപ്പെടുത്തലുണ്ടായിരുന്നുവെന്ന് രവിശങ്കർ പ്രസാദ് ആരോപിച്ചു
Post Your Comments