ന്യൂഡൽഹി: മാർച്ച് പതിനഞ്ചാം തീയതി മൊസാംബിക്ക് തീരപ്രദേശത്ത് നാശംവിതച്ച് വീശിയടിച്ച ഉഡായ് ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനവുമായി ആദ്യമെത്തിയത് ഇന്ത്യൻ നാവികസേന. മാർച്ച് പതിനഞ്ചിന് മൊസാംബിക്കിലെ ബെയ്രയിൽ വീശിയടിച്ച ഉഡായ് ചുഴലിക്കാറ്റിൽ രാജ്യത്തിന്റെ ഉത്തര-മദ്ധ്യ മേഖലാ പ്രവിശ്യകളിൽ വലിയതോതിൽ നാശനഷ്ടങ്ങളും ആൾനാശവും സംഭവിച്ചിരുന്നു. ബെയ്റ നഗരത്തിന്റെ ആന്തരഘടനയ്ക്ക് വൻ തോതിൽ നാശം വരുത്തിയിരിക്കുകയാണ് ഇഡായ് ചുഴലിക്കാറ്റ്.
പല മേഖലകളിലും സർവനാശം സംഭവിച്ചതായാണ് പ്രാഥമികനിഗമനം.ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ കർമ്മനിരതമായിരുന്ന ഇന്ത്യൻ നാവിക സേനയുടെ ഒന്നാം സേനാചതുരതിലെ കപ്പലുകളിലേക്ക് സംഭവസമയത്ത് മൊസാംബിക്ക് സർക്കാരിൽ നിന്ന് സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശമെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യൻ നാവിക സേനാ വ്യൂഹത്തിലെ കപ്പലുകളായ സുജാത, സാരഥി, ശാർദ്ദൂൽ തുടങ്ങിയവ അടിയന്തിര സഹായ സജ്ജീകരണങ്ങളുമായി മൊസാംബിക്കിലെ പോർട്ട് ബെയ്രയിലേക്ക് കുതിക്കുകയായിരുന്നു.
മാർച്ച് പതിനെട്ടാം തീയതി രാവിലെ ഐ എൻ എസ് സുജാതയും ഐ സി ജി എസ് സാരഥിയും രക്ഷാപ്രവർത്തന സന്നാഹങ്ങളുമായി പോർട്ട് ബെയ്രയിലെത്തി. മാർച്ച് പത്തൊൻപതാം തീയതിയാണ് ഐ എൻ എസ് ശാർദ്ദൂൽ പോർട്ട് ബെയ്രയിലെത്തിയത്. ബെയ്രയിലെ പ്രാദേശിക ഭരണകൂടവുമായി അടിയന്തിരമായി ബന്ധപ്പെട്ട ഇന്ത്യൻ കപ്പലുകൾ ഒട്ടും അമാന്തം കൂടാതെ രക്ഷാപ്രവർത്തനത്തിലും ആസൂത്രിതമായ ദുരന്ത നിവാരണത്തിലും ഏർപ്പെടുകയായിരുന്നു. പോർട്ട് ബെയ്രയ്ക്ക് സമീപമുള്ള ബുസിയിൽ അയ്യായിരത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായും അവരെ എത്രയും വേഗം ഒഴിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രാദേശിക അധികൃതരുമായുള്ള കൃത്യമായ ആശയവിനിമയങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ അശ്രാന്തപരിശ്രമം നടത്തുകയാണ് ഭാരതീയ നാവിക സേന.മൊസാംബിക് പ്രതിരോധ സേനകളോടൊപ്പം സംയുക്തമായി ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ ദുരന്തബാധിതർക്ക് കൃത്യമായി എത്തിച്ചു കൊടുക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ് ഇന്ത്യൻ നാവിക സേന. ശുദ്ധജലവിതരണത്തിന്റെ സജ്ജീകരണങ്ങളും ഭാരതീയ നാവികസേന കൃത്യമായി വിലയിരുത്തുന്നുണ്ട്.ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതനായി മേഖലയിൽ സന്ദർശനം നടത്തിയ മൊസാംബിക് പ്രതിരോധ വകുപ്പ് മന്ത്രി ഇന്ത്യൻ നാവിക സേനയുടെ ആത്മാർപ്പണത്തെ പ്രകീർത്തിച്ചു.
Post Your Comments