തിരുവനന്തപുരം: വടകരയില്‍ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ശക്തമായ പോരാട്ടമായിരിക്കും മണ്ഡലത്തില്‍ നടക്കുക. സിപിഎം സ്ഥാനാര്‍ത്ഥിയായി പി ജയരാജന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍എംപി യുഡിഎഫിന് എല്ലാ പിന്തുണ നല്‍കാനും തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് വടകര. പി.ജയരാജനെതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സജീവമായി രംഗത്തെത്ത വടകരയില്‍ കരുത്തനായ കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായക തീരുമാനത്തിലേക്ക് വഴി തെളിച്ചത്.
അതേസമയം കെ. കെ രമ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതോടെ രമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനുവേണ്ടി വോട്ടു ചോദിക്കുമെന്നും അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും എന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് മകന്റേതും.
കെ.കെ.രമയുടെ വേദനയോടൊപ്പം തന്നെ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്നാണ് ഈച്ചരവാര്യരുടെയും ഭാര്യയുടെയും തോരാത്ത കണ്ണുനീരും. എന്റെ പ്രിയപ്പെട്ടവനെ നിങ്ങള്‍ എന്തു ചെയ്തു എന്നാണ് രണ്ടു പേരും ചോദിക്കുന്നത്. മങ്ങിയ മിഴികള്‍ പടിക്കലേക്ക് ചായ്ച്ച് വരാന്തയില്‍ ചടഞ്ഞിരിക്കുന്നുണ്ട് ഈച്ചരവാര്യരിപ്പോഴും. ഒരു സ്മാരകശില പോലെ. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഇല്ലാതാക്കപ്പെട്ട ആ മകനെക്കുറിച്ചോര്‍മ്മിപ്പിച്ചു കൊണ്ട്.
ജീവിക്കുന്ന ജനതയോടും ജനിക്കാനിരിക്കുന്ന ജനതയോടും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ആര്‍ക്കുമവര്‍ സ്വസ്ഥത തരില്ല.
എസ്.ശാരദക്കുട്ടി
20.3.2019’
Post Your Comments