ഹരിയാന: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ നാല് പ്രതികളെയും വെറുതെ വിട്ടു. അസീമാനന്ദ ഉള്‍പ്പടെയുള്ള നാല് പ്രതികളെയാണ് വെറുതെ വിട്ടത്. ഗൂഢാലോചന ഉള്‍പ്പടെ ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിയാനയിലെ പഞ്ച്കുളയിലുള്ള പ്രത്യേക എന്‍ഐഎ കോടതിയാണ് അസീമാനന്ദയെ വെറുതെ വിടാന്‍ വിധി പുറപ്പെടുവിച്ചത്.
2007 ഫെബ്രുവരി 18-നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസിലാണ് സ്ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പാക് പൗരന്മാര്‍ ആണ്. ഗുജറാത്ത് കലാപകാലത്ത് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിന് മുസ്ലീങ്ങള്‍ക്ക് നല്‍കിയ മറുപടി നല്‍കാനാണ് സ്‌ഫോടനത്തിന് ആസൂത്രണം നല്‍കിയതെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. രാജ്യത്തെ ഹിന്ദു തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്ന കേസിലാണിപ്പോള്‍ ഒരു ഹിന്ദു സന്യാസി കൂടിയായ അസീമാനന്ദുള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ട് വിധി വന്നിരിക്കുന്നത്.
കേസില്‍ 2010-ല്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തില്‍ അസീമാനന്ദയ്ക്ക് പുറമേ ഹിന്ദുസംഘടനാപ്രവര്‍ത്തകരായ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ എന്നിവര്‍ പങ്കാളികളാണെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് പിടികൂടാനായത്.
Post Your Comments