മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചതോടെ പേടിയിലാണ് നാട്ടിലേവരും. പനിയുടെ കാരണക്കാരനോ കൊതുക് തന്നെ. പനിയുടെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
വൈറസ് ബാധയുള്ള കൊതുകു കടിയേറ്റാല്‍ 3 ദിവസം മുതല്‍ 2 ആഴ്ച്ചയ്ക്കുള്ളില്‍ സാധാരണഗതിയില്‍ മനുഷ്യരില്‍ രോഗം വരും. അണുബാധയേല്‍ക്കുന്നവരില്‍ 80 ശതമാനം ആളുകള്‍ക്കും രോഗലക്ഷണം ഉണ്ടാകാറില്ല. 20 ശതമാനം ആളുകള്‍ക്ക് വെസ്റ്റ് നൈല്‍ ബാധ പനിയായി അനുഭവപ്പെടും. പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛര്‍ദ്ദി, ചിലരില്‍ ശരീരത്തിലെ പാടുകള്‍, ഓര്‍മക്കുറവ് എന്നിവയാണു പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലര്‍ക്ക് ഇതു നാഡി വ്യൂഹത്തെ ബാധിക്കുകയും വെസ്റ്റ് നൈല്‍ എന്‍സെഫലൈറ്റിസ് ആവുകയും ചെയ്യുന്നു.
കാരണങ്ങള്‍ ഇവയൊക്കെ….
പക്ഷി വര്‍ഗങ്ങളുടെ രക്തം ഇഷ്ടപ്പെടുന്ന, രാത്രിയില്‍ രക്തം തേടുന്ന തരം കൊതുകുകളാണ് ഈ അസുഖം പരത്തുക. ഇന്ത്യയില്‍ ക്യൂലക്‌സ് വിഷ്ണുവൈ, ക്യൂലക്‌സ് പൈപിയന്‍സ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകര്‍. വൈറസ് വാഹകരായ പക്ഷികളെ ഈ കൊതുകുകള്‍ രക്തത്തിനായി കുത്തുമ്പോള്‍, വൈറസ് കൊതുകുകളുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും, പിന്നീട് മറ്റു സസ്തനികളിലേക്കു പകര്‍ത്താനും, മുട്ട വഴി അടുത്ത തലമുറയിലേക്ക് പ്രവേശിക്കാനും ഇടവരുന്നു. 14 തരം കൊതുകുകളാണു പ്രധാനമായും അസുഖം പരത്തുക. ഈ അസുഖത്തിന് പ്രതിരോധ മരുന്നോ, വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നോ ലഭ്യമല്ല. അതുകൊണ്ടു തന്നെ രോഗ പ്രതിരോധമാണ് അസുഖം വരാതിരിക്കാന്‍ ആവശ്യം.
ശ്രദ്ധിക്കേണ്ടത്….
1. വലയ്ക്കുള്ളില്‍ ഉറങ്ങാന്‍ ശ്രമിക്കുക. കൊതുക് കടിയേല്‍ക്കാതെ നോക്കുക. കൊതുക് അകത്തേക്ക് കയറാതിരിക്കാന്‍ ജനലുകളിലും വലയിടുന്നത് നല്ലതാണ്.
2. കൊതുകുകളെ നശിപ്പിക്കുക. വീടുകളില്‍ വൈകുന്നേരങ്ങളില്‍ കൊതുക് വരുന്ന ഇടങ്ങള്‍ വലയിട്ട് മൂടുക.
3. പരിസരം വൃത്തിയായി സൂക്ഷിക്കുക.
4. ശരീരം മുഴുവന്‍ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
5. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക.
6. സ്വയം ചികിത്സ ഒഴിവാക്കുക.
കൊതുക് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്…
1. കുപ്പികള്‍, പാട്ടകള്‍, ചിരട്ടകള്‍, ടയറുകള്‍, മുട്ടത്തോടുകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയ ചെറിയ വെളളക്കെട്ടുകളിലാണ് കൊതുകുകള്‍ ഉണ്ടാകുന്നത്. അതിനാല്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കാതിരിക്കുക. ഉദാഹരണത്തിന് ചിരട്ട, മുട്ടത്തോട്, ടയര്‍, ചെറിയ കുഴികള്‍ തുടങ്ങിയവയില്‍ വെള്ളം നിറഞ്ഞാല്‍ കൊതുകുകള്‍ അതില്‍ മുട്ടയിടും.
2. തുളസി ചെടി…
ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടില്‍ വളര്‍ത്തുന്നത് ആരോഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ഗുണം ചെയ്യും.
3. അടുത്ത് കുളങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ കൊതുകിനെ ആഹാരമാക്കുന്ന ഗമ്പൂസിയ, ഗപ്പി മുതലായ മത്സ്യങ്ങളെ (larvivorous fishes) വളര്‍ത്തുന്നത് നല്ലതാണ്.
4. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, ഓടകള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കീടനാശിനികള്‍ തളിക്കുക.
5. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം വീടിന് ചുറ്റും തളിച്ചാല്‍ കൊതുക് ശല്യം കുറയ്ക്കാം.
ഈ ചെടികള്‍ വളര്‍ത്തിയാല്‍ കൊതുകിനെ അകറ്റാം…
1. കര്‍പ്പൂരവള്ളി…
കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണ്. കര്‍പ്പൂരവള്ളിയുടെ മണം കൊതുകുകള്‍ക്ക് ഇഷ്ടപ്പെടില്ല.
2. ലാവെന്‍ഡര്‍ ചെടി….
ലാവെന്‍ഡര്‍ ചെടി വീട്ടില്‍ വളര്‍ത്തുന്നത് കൊതുക് ശല്യം അകറ്റാനാകും. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റാം.
3. ഇഞ്ചിപ്പുല്ല്…
ഇഞ്ചിപ്പുല്ല് വീട്ടില്‍ വളര്‍ത്തുന്നത് കൊതുകിനെ മാത്രമല്ല മറ്റ് പ്രാണികളെയും അകറ്റാന്‍ നല്ലതാണ്.
4. പുതിന ചെടി…
പുതിന ചെടി മിക്ക വീടുകളിലും വളര്‍ത്തുന്നുണ്ട്. പുതിനയുടെ ഗുണം ചെറുതൊന്നുമല്ല. പുതിന വീട്ടില്‍ വളര്‍ത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെയും ഒഴിവാക്കാനും ഏറെ നല്ലതാണ്.
5. കൊതുകുവല ഉപയോഗിക്കുക.
Post Your Comments