കെ.വി.എസ് ഹരിദാസ്
ഇന്നിപ്പോൾ കേരളത്തിൽ ഒരു സമവായ ചർച്ച നടക്കുന്നുണ്ട് ; ‘ഓർത്തഡോക്സ്, യാക്കോബായ സമുദായങ്ങൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി’. ചർച്ച നടത്തുന്നത് കേരള മന്ത്രിസഭ നിശ്ചയിച്ച ഉപസമിതിയാണ്. ഇത് ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒരു വിഷയമാണ്. ഒരു പ്രശ്നം പരിഹരിക്കുന്നതിന് ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ല എന്ന് കരുതുന്നയാൾ തന്നെയാണ് ഞാൻ. എന്നാൽ സുപ്രീം കോടതി വിധി പ്രസ്താവിച്ച ഒരു വിഷയത്തിൽ സിപിഎമ്മോ കേരള സർക്കാരോ എന്ത് ചർച്ച നടത്തിയാലെന്ത് പ്രയോജനം?. ഇവിടെ നാം കാണേണ്ടുന്ന ഒരു പ്രശ്നമുണ്ട്……. ശബരിമല പ്രശ്നമുയർന്നപ്പോൾ കേരളത്തിലെ ഭരണകൂടം എടുത്ത നിലപാടെന്താണ്. ‘ അത് സുപ്രീം കോടതിവിധിയാണ്; അത് നാട്ടിലെ നിയമമാണ്…. അത് അംഗീകരിച്ചേ പറ്റൂ; എന്ത് വിലകൊടുത്തും അത് നടപ്പിലാക്കും ….’. ഇതല്ലേ മുഖ്യമന്ത്രി മുതൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം വരെ പറഞ്ഞുനടന്നത്. അന്ന് കോടാനുകോടി അയ്യപ്പ ഭക്തരുടെ വികാരം മാനിക്കാൻ ഈ സർക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല അവിടെ മാവോയിസ്റ്റുകളെയും ഇതര മതസ്ഥരെയും നിരീശ്വര വാദികളെയും പോലീസ് അകമ്പടിയോടെ എത്തിച്ച് ഹിന്ദുക്കളുടെ വികാരങ്ങളെ അപമാനിക്കാനും ആക്ഷേപിക്കാനും ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാനും ശ്രമവും നടത്തിയത് കേരളം കണ്ടതാണ്. ഈ ഇരട്ടത്താപ്പ് ഇപ്പോൾ കേരളം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ ഒന്നുണ്ട്; സിപിഎമ്മോ കോൺഗ്രസോ ഈ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുകയില്ല, തീർച്ച. അത് സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ അറിയാം.
ഇതാദ്യമായിട്ടല്ല യാക്കോബായ – ഓർത്തോഡോക്സ് പ്രശ്നം ഉയർന്നുവരുന്നത്; എത്രയോ വർഷമായി നടന്നുവന്ന നിയമയുദ്ധമാണിത്. പല കേസുകളും മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ പോയി. അവസാനം സുപ്രീം കോടതിവിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി. അതായത് അനവധി പള്ളികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ഈ വിധിയോടെ ഒത്തൊഡോക്സ് വിഭാഗത്തിന് ലഭ്യമായി. എത്രയോ പഴക്കമുള്ള ദേവാലയങ്ങൾ അതിലുണ്ട്. ഇവിടെ മറ്റൊന്നും ഇനി ചെയ്യാനില്ല എന്നതാണ് വസ്തുത. കോടതി വിധി നടപ്പിലാക്കിയേ തീരൂ….. … പക്ഷേ സർക്കാർ അതിന് തയ്യാറല്ല. 2017 ജൂലൈ മൂന്നിനാണ് സുപ്രീം കോടതിവിധി ഉണ്ടായത്. അതായത് ഏതാണ്ട് രണ്ട് വർഷമാവുന്നു . എന്നാൽ ഒരിടത്തുപോലും അത് നടപ്പിലാക്കാൻ സർക്കാർ സഹായിച്ചിട്ടില്ല….. ഒരു കുരിശു പള്ളി പോലും കൈമാറിയിട്ടില്ല. മാത്രമല്ല കോടതിവിധി അനുസരിച്ച് പള്ളികളിൽ എത്തിയ ഓർത്തഡോക്സ് സഭ നേതാക്കളെ ആക്ഷേപിച്ച് നിർബന്ധിച്ച് തിരിച്ചയച്ച സംഭവവും കേരളത്തിലുണ്ടായി.
ഓർത്തഡോക്സ് സഭ നേതാക്കൾ പലവട്ടം മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും കണ്ടിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ ഇക്കാര്യം സജീവ ചർച്ചാവിഷയമായതാണ്. കാരണം ആ മണ്ഡലത്തിൽ ഓര്ത്തഡോക്സ് സഭക്ക് കുറെ സ്വാധീനമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാം ശരിയാക്കാം എന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നതാണ് സഭ നേതൃത്വം പറഞ്ഞുനടക്കുന്നത്. തിരഞ്ഞെടുപ്പിൽ സിപിഎം ജയിച്ചു; അതോടെ അതൊക്കെ മറന്നുപോയ മട്ടിലായി. ഇപ്പോഴിതാ വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്തെങ്കിലും ചെയ്തേ തീരൂ എന്നതായി അവസ്ഥ. അങ്ങിനെയാണ് മധ്യസ്ഥ ചർച്ച എന്ന മട്ടിൽ സർക്കാർ രംഗപ്രവേശം ചെയ്തത്. എന്തുകൊണ്ടാണ് പിന്നെ ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിന്റെ കാലത്ത് മറിച്ചൊരു വാഗ്‌ദാനം ഓർത്തഡോക്സ് സഭക്ക് സർക്കാർ നൽകിയത്; അപ്പോൾ അതൊന്നുമല്ല പ്രശ്നം, വോട്ടാണ്. അതിന് വേണ്ടി എന്തും പറയാം; എന്തും ഒളിപ്പിക്കാം. യഥാർഥത്തിൽ സിപിഎം ഇപ്പോൾ യാക്കോബായ സഭയെയും ഓർത്തഡോക്സ് സഭയെയും കൂടെനിർത്തി വോട്ട് വാങ്ങാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. അതിന് കോടതി വിധി നടപ്പിലാക്കാം എന്ന് ഓര്ത്തഡോക്സ് സഭക്ക് ഉറപ്പ് നൽകുന്നു; അതേസമയം തന്നെ പള്ളികൾ നിങ്ങളുടെ ഒപ്പം തന്നെയാവും എന്നും അത് ഞങ്ങൾ ഉറപ്പിച്ചോളാം എന്നും യാക്കോബായ സഭക്ക് വാഗ്‌ദാനം നൽകുന്നു. ഈയിടെ ശബരിമല പ്രക്ഷോഭ സമയത്ത് സിപിഎം സംഘടിപ്പിച്ച വനിതാ മതിൽ വിജയിപ്പിക്കാൻ യാക്കോബായ സഭ വലിയതോതിൽ അധ്വാനിച്ചിരുന്നു. എന്നാൽ ഈ കബളിപ്പിക്കൽ ഇനി നടക്കില്ല എന്നതാണ് ഓർത്തഡോക്സ് വിഭാഗം ഇപ്പോൾ തുറന്നടിച്ചത്. സമാധാന ചർച്ചകൾ അവർ ബഹിഷ്കരിച്ചതും മറന്നുകൂടാ.
ശബരിമല പ്രശ്നമാണ് ഇത് ഓർമ്മിപ്പിക്കാൻ പ്രേരിപ്പിച്ചത്. ശരിയാണ്, പലവട്ടം ചർച്ച ചെയ്ത കാര്യങ്ങളാണ്. എന്നാലും ഒന്നുകൂടി ഓർമ്മിക്കേണ്ടുന്ന സമയമായി എന്ന് തോന്നുന്നു. ശബരിമല പ്രശ്നത്തിൽ കോടതി പുറപ്പെടുവിച്ച വിധിയിൽ കുറെയേറെ അവ്യക്തതകൾ ഉണ്ടായിരുന്നു എന്ന് കരുതിയവർ അനവധിയാണ്. റിവ്യൂ ഹർജിയുമായി ദേവസ്വം ബോർഡും സർക്കാരും പോകണമെന്ന് പലരും അഭിപ്രായപ്പെട്ടു. വിധി നടപ്പിലാക്കാൻ സാവകാശം ചോദിക്കണം എന്നും ചിലരൊക്കെ ചൂണ്ടിക്കാട്ടി; പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അതിനൊക്കെയുള്ള ന്യായങ്ങളുമുണ്ടായിരുന്നു. എന്നാൽ അതിനൊന്നും സർക്കാർ സന്നദ്ധമായില്ല. മാത്രമല്ല ദേവസ്വം ബോർഡിനെ അക്ഷരാർഥത്തിൽ വരിഞ്ഞുനിർത്തി, പിടിച്ചുകെട്ടി, നടപടികൾ എടുപ്പിച്ചു. പലപ്പോഴും ദേവസ്വം ബോർഡ് ഓഫിസ് പ്രവർത്തിച്ചിരുന്നത് സിപിഎം ആസ്ഥാനത്താണ് എന്നത് പോലും കണ്ടതാണ് . ബോർഡ് സെക്രട്ടറി ഒരു സർക്കർ ഉദ്യോഗസ്ഥനാണ്; അദ്ദേഹത്തെ പാർട്ടി ഓഫീസുകളിൽ ഇടയ്ക്കിടെ കണ്ടിരുന്നു എന്നും മറ്റും വാർത്തകൾ വന്നതോർക്കുക……. ക്ഷേത്ര ഭരണത്തിനായി രൂപീകൃതമായ സർവതന്ത്ര സ്വതന്ത്ര സ്ഥാപനമായിരുന്നു അത്. അതിനെ പാർട്ടിയുടെ ഒരു ബ്രാഞ്ച് കമ്മിറ്റിയെ പോലെ അവഹേളിക്കാൻ ഒരു സർക്കാരും മുൻപ് തയ്യാറായിട്ടുണ്ടാവില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് അനുഭവിച്ച ദുരിതങ്ങൾ, കാണിച്ചുകൂട്ടിയ നെറികേടുകൾ, ഇനിയും വിവരിക്കേണ്ടതില്ലല്ലോ.
ശബരിമല പ്രശ്നത്തിൽ കോടതി വിധി നടപ്പിലാക്കാനായി ഈ സർക്കാർ കൂട്ടുപിടിച്ചത് ആരെയൊക്കെയാണ് എന്നതും മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. മാവോവാദികൾ, ഹിന്ദുക്കളല്ല എന്ന് പരസ്യമായി പറയുന്നവർ, ആക്ടിവിസ്റ്റുകൾ …….. ശബരിമല സന്നിധാനത്തെ അപമാനിക്കാനായി ഏതറ്റം വരെയും പോകാമെന്നും അവർ അന്ന് തെളിയിച്ചു. അവരാണിപ്പോൾ മധ്യകേരളത്തിൽ ഒരു വലിയ ശക്തിയായ ഓർത്തഡോക്സ് വിഭാഗത്തെ അപമാനിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ, ഒരു കാര്യം വ്യക്തമാണ്; സിപിഎമ്മോ കോൺഗ്രസോ ഈ വിധി നടപ്പിലാക്കാൻ ഉടനെയൊന്നും ശ്രമിക്കുകയില്ല, തീർച്ച. അത് സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ അറിയാം. കാരണം എന്താണ്; ഈ തർക്കത്തിൽ പെട്ട ജാക്കോബൈറ്റ് സഭക്കാർ വലിയ വോട്ട് ബാങ്കാണ്; പ്രത്യേകിച്ചും എറണാകുളം ജില്ലയിൽ. അതേസമയം ഓർത്തഡോക്സ് സഭക്ക് സ്ഥാപനങ്ങൾ ഏറെ ഉണ്ടെങ്കിലും ജനപിന്തുണ യാക്കോബായ സഭയോളമില്ല എന്നതാണ് രാഷ്ട്രീയക്കാർ കണക്കാക്കുന്നത്. അതായത് വലിയ ശക്തി യാക്കോബായ വിഭാഗമാണ് എന്ന് അവർ വിലയിരുത്തിയിരിക്കുന്നു. യാക്കോബായ സഭ കുറേനാളുകളായി കോൺഗ്രസിനൊപ്പമായിരുന്നു. കോതമംഗലം, മുവാറ്റുപുഴ, പിറവം, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ അവർ വിചാരിച്ചാൽ ഒരാളെ ജയിപ്പിക്കാനും തോൽപ്പിക്കാനും കഴിയും എന്നതാണ് യുഡിഎഫിന്റെ വിലയിരുത്തൽ. അതുകൊണ്ട് ആ വിഭാഗക്കാരെ കോൺഗ്രസ് എന്നും സംരക്ഷിച്ചിട്ടുണ്ട്. പിപി തങ്കച്ചനും ബെന്നി ബെഹ്നാനുമൊക്കെ ആ സമുദായത്തിന്റെ പ്രതിനിധികളാണ്; ടിഎം ജേക്കബ് അവരുടെ നേതാവായിരുന്നു; ഇപ്പോൾ മകനും. ഉമ്മൻ ചാണ്ടി അതേസമയം ഓർത്തഡോക്സ് സഭയിൽ പെട്ടയാളുമാണ്.
പക്ഷെ മധ്യ തിരുവിതാംകൂറിൽ ചിലയിടങ്ങളിൽ ഓർത്തഡോക്സ് സഭ വലിയ മോശമല്ലാത്ത ശക്തിയാണ്…… ചിലതൊക്കെ ചെയ്യാനാവും എന്ന് മുൻപ് അവർ കാണിച്ചിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ടയിൽ ആ സമുദായക്കാരിയെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ അവർ നേരത്തെ കൊടുത്ത വാക്ക് പാലിക്കാത്തതിനാൽ സഭ വിഷമത്തിലാണ്. അതുകൊണ്ടാണ് സർക്കാർ ഇപ്പോൾ മറ്റൊരു നാടകത്തിന് പുറപ്പെട്ടത്; സമാധാന ചർച്ചകൾ അല്ലെങ്കിൽ സമവായ ചർച്ചകൾ നടത്താൻ ഇറങ്ങിത്തിരിച്ചത്. ഇവിടെ എന്താണ് ന്യായം എന്നതൊന്നും ഇനി ചർച്ച ചെയ്തിട്ടു കാര്യമുണ്ടോ ആവോ, അറിയില്ല. ഞാൻ അതിലേക്കൊന്നും കടക്കുന്നുമില്ല. സർക്കാരിന് മുന്നിലുള്ള പോം വഴി കോടതി വിധി നടപ്പിലാക്കുക എന്നത് മാത്രമല്ലെ ?. അവിടെ എന്തിനാണ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നത്? ശബരിമല പ്രശ്നത്തിൽ ചർച്ച പോയിട്ട് ഹിന്ദു സമൂഹത്തിന്റെ വികാരം എന്താണ് എന്ന് ഒന്ന് അന്വേഷിക്കാൻ പോലും തയ്യാറാവാതിരുന്നവരുടെ ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുക തന്നെ വേണം.
Post Your Comments