പനാജി: ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി. ബിജെപിയുടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. രാജ്ഭവനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയെ കൂടാതെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ മറികടന്നാണ് ബിജെപി ദ്രുതഗതിയില്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കിയത്. രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് പുതിയ നീക്കം . അര്‍ധരാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. ഭൂരിപക്ഷം തെളിയിച്ചുള്ള എംഎല്‍എമാരുടെ പട്ടിക ബിജെപി നേതാക്കള്‍ രാത്രി പന്ത്രണ്ടുമണിക്കാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബിജെപി നേതാക്കള്‍ രാജ്ഭവനില്‍ എത്തിയിരുന്നു.
ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി തിങ്കളാഴ്ച രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തില്‍ ഉറപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഞായറാഴ്ച അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രതിസന്ധി രൂപപ്പെട്ടത്.
Post Your Comments