ന്യൂഡൽഹി: അന്തരിച്ച മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ പ്രതിരോധ വകുപ്പിന് നൽകിയ സംഭാവനകൾ ഓർമ്മിച്ചു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈന്യത്തെ ആധുനികവത്കരിക്കുന്നതില്‍ പരീക്കര്‍ വഹിച്ച പങ്ക് വലുതാണ്. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനായെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവുമായ മനോഹര്‍ പരീക്കർ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് അറുപത്തിമൂന്നു വയസ്സായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരില്‍ മൂന്നു വര്‍ഷം പ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍, 2017ല്‍ വീണ്ടും ഗോവയില്‍ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തിരുന്നു.
രോഗബാധിതനായിട്ടും ശാരീരിക അവശതകളെ അതിജീവിച്ചും തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ജാഗരൂകനായിരുന്നു പരീക്കര്‍. ചികിത്സാ സംബന്ധമായ ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിക്കേണ്ടി വന്നിട്ടും പരീക്കര്‍ നിയമസഭയിലും പൊതുചടങ്ങുകളിലും സജീവമായി പങ്കെടുത്തു.നാലുവട്ടം (2000, 2002, 2012, 2017) ഗോവ മുഖ്യമന്ത്രിയായി. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മൂന്നു വര്‍ഷം പ്രതിരോധ മന്ത്രിയായി. അധികാരത്തിന്റെ വിവിധ തലങ്ങളിലെത്തിയിട്ടും ഏറ്റവും ലളിതമായ ജീവിതശൈലി പിന്തുടര്‍ന്ന പരീക്കര്‍ എന്നും ഗോവന്‍ ജനതയുടെ പ്രിയപ്പെട്ട നേതാവായിരുന്നു.
2018 ഫെബ്രുവരിയിലാണ് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. അന്നു മുതല്‍ പലപ്പോഴും ന്യൂയോര്‍ക്കിലും മുംബൈയിലും ന്യൂദല്‍ഹിയിലും ഗോവയിലുമായി ആശുപത്രികളില്‍ കഴിയേണ്ടി വന്നു. എന്നാല്‍, ഓരോ ഘട്ടത്തിലും തിരിച്ചെത്തുമ്പോഴൊക്കെ രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചു. ഇന്നലെ വൈകിട്ട് പരീക്കറിന്റെ നില അതീവ ഗുരുതരമെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 1978ല്‍ മുംബൈ ഐഐടിയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. അടിയുറച്ച ആര്‍എസ്എസ് പ്രവര്‍ത്തകനായി പൊതുരംഗത്തേക്കു വന്നു.
രാഷ്ട്രീയത്തിലെത്തി പിന്നീടു മുഖ്യമന്ത്രിയായ രാജ്യത്തെ ആദ്യ ഐഐടി ബിരുദധാരിയാണ് പരീക്കര്‍. ഭാര്യ മേധ പരീക്കര്‍ 2001 ല്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് അന്തരിച്ചു. മക്കള്‍ ഉത്പാല്‍ പരീക്കര്‍, അഭിജാത് പരീക്കര്‍. ഗുരുതര രോഗത്തെ കരുത്തോടെ ചെറുത്തു നിന്ന പരീക്കറുടെ പ്രതിരോധം കഴിഞ്ഞ ദിവസങ്ങളില്‍ അയഞ്ഞു തുടങ്ങിയിരുന്നു. ബിജെപിയുടെ ഏറ്റവും സമര്‍ഥനായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന പരീക്കറാണ് 2013ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനു തൊട്ടടുത്തു നില്‍ക്കുമ്പോഴാണ് പരീക്കറുടെ വേര്‍പാടെന്നത് യാദൃച്ഛികമായിരിക്കാം.
സത്യസന്ധതയുടെയും ധാര്‍മികതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മനോഹർ പരീക്കറുടെ മരണവാർത്ത അതീവ ദുഃഖമുണ്ടാക്കിയെന്ന് രാഷ്ടപതി രാംനാഥ് കോവിന്ദ് നേരത്തെ പറഞ്ഞിരുന്നു. പൊതുജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ഥതയും രാജ്യത്തെയും ഗോവയിലെയും ജനങ്ങള്‍ക്ക് പരീക്കർ നല്‍കിയ സേവനങ്ങളും ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും രാഷ്ട്രപതി പറഞ്ഞു. പരീക്കറുടെ മരണവാർത്ത സ്ഥിരീകരിച്ചതും രാഷ്ട്രപതിയായിരുന്നു.
താരതമ്യപ്പെടുത്താനാവാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യസ്‌നേഹിയും മികച്ച ഭരണാധികാരിയുമായിരുന്ന പരീക്കർ ഏവരുടെയും പ്രശംസ നേടിയിരുന്നു. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭവനകള്‍ തലമുറകളോളം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments