Latest NewsIndia

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിന് തിരിച്ചടി: കോണ്‍ഗ്രസ് നേതാവിനെ ‘പൊക്കി’ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി

പനാജി•നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവദമുന്നയിച്ച് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തീര്‍ത്തും മോശമായതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ബി.ജെ.പി. ഇതിനിടെയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ഇതിന് തടയിട്ട് സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള പൂഴിക്കടകനാണ് ബി.ജെ.പി പ്രയോഗിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്തിനെ ബി.ജെ.പിയില്‍ ചേര്‍ത്ത് മുഖ്യമന്ത്രിയായി അവരോധിക്കാനാണ് നീക്കം.

ശനിയാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. മുന്‍ ബി.ജെ.പി നേതാവായ ദിഗംബര്‍ കാമത്ത് 2005 ലാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. 2007-12 കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയുമായി.

കാമത്ത് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാക്കി അദ്ദേഹം നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് ഡല്‍ഹിക്ക് പോകുന്നതെന്നും താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണെന്നുമായിരുന്നു കാമത്ത് യാത്രയ്ക്ക് മുന്‍പ് പ്രതികരിച്ചത്.

ഇന്ന് രാവിലെ ഗോവയിലെ രാഷ്ട്രീയ സ്ഥിതി ബിജെപി നേതാക്കള്‍ ചര്‍ച്ചചെയ്തു. പരീക്കറുടെ പിന്‍ഗാമി ആരായിരിക്കണം എന്ന ചര്‍ച്ചയും യോഗത്തിലുണ്ടായി. സര്‍ക്കാരിനെ പിന്തുണക്കുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുടെ പിന്തുണയാണ് കാമത്തിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്.

കാമത്തിന്റെ പേര് വച്ച് ഊഹാപാഹങ്ങള്‍ പടച്ചുവിടുകയാണെന്നും കാമത്ത് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കര്‍ പ്രതികരിച്ചു.

നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിശ്വജിത്ത് റാണയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ആലോചന ബിജെപിക്കുള്ളില്‍ നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന മഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button