ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വിഷം നല്‍കി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭിന്നശേഷിക്കാരായ ആണ്‍മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെഗളൂരു ഇലക്ടോണിക് സിറ്റിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. സഹായിക്കാനാരുമില്ലാത്തതിന്റെ ദുഃഖവും വിഷാദവുമാണ് ഇവരെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

മക്കളായ ഹരീഷ് (25), സന്തോഷ് ( 28) എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷമാണ് 50 കാരിയായ ഡി. രാധ ( രാധമ്മ ) ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശിനിയായ ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞശേഷം 1998 മുതല്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദോഡതോഗൂരില്‍ ഇവര്‍ രണ്ട് വീടുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നെന്നും ഈ വീട്ടില്‍ നിന്നുള്ള വാടകമാത്രമായിരുന്നു ഇവരുടെ ഏക ആശ്രയമെന്നും പോലീസ് പറയുന്നു.

ഇവരുടെ രണ്ട് ആണ്‍മക്കള്‍ക്കും നടക്കുവാന്‍ കഴിയില്ല. ഏപ്പോഴും വീടിനുള്ളില്‍ തന്നെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. രാധമ്മ മക്കള്‍ക്ക് നിരവധി ചികിത്സ നല്‍കിയിരുന്നെങ്കിലും അവ ഒന്നും ഫലം കണ്ടിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി ഇവര്‍ അയല്‍ക്കാരുമായി വലിയ ബന്ധമൊന്നുമില്ലാത്ത രീതിയിലാണ് ജീവിച്ചിരുന്നതെന്നും അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. ശനിയാഴ്ച രാവിലെ രാധയുടെ വീടിന്റെ മുന്‍പിലൂടെ നടന്നുപോയ അയല്‍വാസി വീട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും തമിഴില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. മക്കള്‍ക്ക് വിഷം നല്‍കി കൊന്ന ശേഷം ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കഴിച്ചായിരിക്കാം രാധ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

Share
Leave a Comment