ന്യൂഡല്‍ഹി: ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്ന് ക്യാപറ്റന്‍ പറഞ്ഞു. ഐ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് കോഹ്‌ലിയുടെ മുന്നറിയിപ്പ്.
എന്നാല്‍ അതേസമയം ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാന്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളി. ഇന്ത്യന്‍ താരങ്ങളെ ഇത്ര എണ്ണം മത്സരങ്ങളില്‍ മാത്രമേ കളിപ്പിക്കാവൂ എന്ന തരത്തിലുള്ള യാതൊരു നിര്‍ദേശങ്ങളും നല്‍കിയിട്ടില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.
എനിക്ക് പത്തോ പന്ത്രണ്ടോ പതിനഞ്ചോ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ മറ്റു താരങ്ങള്‍ക്ക് അത്രയും മത്സരങ്ങള്‍ മാത്രമേ കളിക്കാനാകൂ എന്നല്ല. ഒരു പക്ഷേ എന്റെ ശരീരം എന്നെ അനുവദിക്കുക അത്രയും എണ്ണം മത്സരങ്ങള്‍ കളിക്കാനാകും. ചില താരങ്ങള്‍ക്ക് എന്നേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായേക്കും, ചിലര്‍ക്ക് അതിനേക്കാള്‍ കുറവും. അതെല്ലാം വ്യക്തിപരമായ കാര്യമാണെന്നും കോഹ്‌ലി പറഞ്ഞു.
ലോകകപ്പില്‍ പങ്കെടുക്കണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണെന്നും അതിനാല്‍ ഓരോരുത്തരും അവരുടെ ഫിറ്റ്നസ് ശ്രദ്ധിക്കണം. ബുദ്ധിപരമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ആവശ്യമായ വിശ്രമം എല്ലാവരും പാലിക്കണമെന്നും കോഹ്‌ലി നിര്‍ദേശിച്ചു.
Post Your Comments