ഒല്ലൂര്‍: പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കവര്‍ച്ച ശ്രമം. പ്രതി അറസ്റ്റിലായി. മോഷ്ടാവിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് തലയ്ക്ക് ഗുരുതരപരിക്കേറ്റു. എടക്കുന്നി മണലാര്‍ കൊള്ളന്നൂര്‍ വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ജെയ്‌നി(59)ക്കാണ് തലയ്ക്കടിയേറ്റത്. ഇവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മോഷ്ടാവിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഇരുമ്പുവടി കൊണ്ട് അടിയേറ്റാണ് തല പൊട്ടിയത്. രക്ഷപ്പെടാനായി ഇവര്‍ വീടിനു പുറത്തേക്കോടി ഈ സമയം ഇതുവഴി മകന്‍ വന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് ജെയ്നി പോലീസിനോട് പറഞ്ഞു.
ഓടിയെത്തിയ നാട്ടുകാര്‍ വീട്ടില്‍ക്കയറി അക്രമം നടത്തിയ യുവാവിനെ കൈയോടെ പിടികൂടി ഒല്ലൂര്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇരുമ്പുവടിയൊളിപ്പിച്ച ബാഗും പിന്നീട് കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. വീട്ടില്‍ ജെയ്‌നി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളിങ് ബെല്‍ അടിക്കുന്നതു കേട്ടാണ് ഇവര്‍ വാതില്‍ തുറന്നത്. കയറിവന്ന യുവാവ് മുമ്പ് ഈ ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. മുമ്പ് വീട്ടില്‍ വന്നിട്ടുമുണ്ട്. ആ പരിചയം കൊണ്ടാണ് വാതില്‍ തുറന്നത്. യുവാവ് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അകത്തുകയറി അക്രമി വീട്ടമ്മയുടെ പിന്നാലെ കടന്നു. പിന്നീട് മകന്റെ ഫോണ്‍ നമ്പര്‍ തിരക്കി. നമ്പറെടുക്കാന്‍ തിരയുന്നതിനിടയിലാണ് ആദ്യം അടിയേറ്റത്. ഇതിനിടെ പുറത്തേക്ക് കടക്കുമ്പോഴാണ് വീണ്ടും അടിയേറ്റത്. നാട്ടുകാര്‍ തന്നെയാണ് ജെയ്‌നിയെ ആശുപത്രിയിലെത്തിച്ച്. ആക്രമണത്തിനിടെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ യുവാവ് ശ്രമിച്ചതായും പരാതിയിലുണ്ട്. എന്നാല്‍, പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവ് മനോരോഗ ലക്ഷണങ്ങള്‍ കാണിക്കുകയും ദേഹാസ്വാസ്ഥ്യപ്രകടനം നടത്തുകയും ചെയ്തതോടെ പോലീസും അങ്കലാപ്പിലായി.ആക്രമണക്കുറ്റം സമ്മതിച്ച യുവാവ് ബോധക്ഷയലക്ഷണം കാണിച്ചുകിടന്നു. ഇതോടെ യുവാവിന്റെ വീട്ടുകാരെ പോലീസ് വിളിച്ചു വരുത്തി. കരാര്‍നിര്‍മാണ ജോലികള്‍ നടത്തി വരികയായിരുന്നു ഇയാള്‍. കല്ലൂര്‍ സ്വദേശിയാണ്. ആശുപത്രിയിലെത്തി പോലീസ് വീട്ടമ്മയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments