മലപ്പുറം: തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും അവരുടെ രാഷ്ട്രീയ കക്ഷിയായ എസ്ഡിപിഐയുടേയും പിന്തുണ ഉറപ്പിക്കാന്‍ മുസ്ലിം ലീഗ് നടത്തിയ രഹസ്യ ചര്‍ച്ചയ്ക്കു പിന്നില്‍ കോണ്‍ഗ്രസിന്റെ തന്ത്രമെന്ന് ആരോപണം. പൊന്നാനിയില്‍ മാത്രമല്ല കേരളത്തിലാകെ എസ്ഡിപിഐയുമായും പോപ്പുലര്‍ ഫ്രണ്ടുമായും യുഡിഎഫിനു സഖ്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.എസ്ഡിപിഐ നേതാക്കളുമായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളും നിലവിലെ എംപിമാരുമായ ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണെന്നാണ് സൂചന.
ഈ ചര്‍ച്ചയുമായി ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുമ്ബോഴും വേദിയൊരുക്കിയത് കോണ്‍ഗ്രസാണെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു. പൊന്നാനി മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് മുസ്ലിംലീഗ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പൊന്നാനിയില്‍ കഴിഞ്ഞതവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ചതും ഇത്തവണ വിവാദ വ്യവസായി പി.വി. അന്‍വറിനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതും മണ്ഡലം കൈവിട്ടുപോകുമെന്ന കോണ്‍ഗ്രസിന്റെ ഭയം വര്‍ധിപ്പിക്കുന്നു. ഇതോടെയാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ 25,000ത്തിലധികം വോട്ട് നേടിയ എസ്ഡിപിഐയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് എസ്ഡിപിഐ ഭാരവാഹികളോട് ആദ്യം സംസാരിച്ചത്. സഹകരിക്കാന്‍ തയാറാണെന്നും എന്നാല്‍ മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും നേരിട്ട് സംസാരിക്കണമെന്നും എസ്ഡിപിഐ ഉപാധി വെച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഇടപെട്ട് ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത്. പൊതുവേദികളില്‍ എപ്പോഴും അപമാനിക്കുന്ന മുസ്ലിം ലീഗിനെ കാല്‍കീഴിലെത്തിച്ചതിന്റെ സംതൃപ്തിയിലാണ് എസ്ഡിപിഐ.ബുധനാഴ്ച രാത്രിയാണ് കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
ലീഗ്-എസ്ഡിപിഐ നേതാക്കള്‍ ഹോട്ടല്‍ മുറിയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലടക്കം ലീഗിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും അണികളുടെ സംശയം പോലും ദൂരീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. യാദൃച്ഛികമായി എസ്ഡിപിഐ നേതാക്കളെ ഹോട്ടലില്‍ വെച്ച് കാണുകയായിരുന്നെന്ന വിശദീകരണമാണ് മുഹമ്മദ് ബഷീര്‍ നല്‍കുന്നത്. എന്നാല്‍ കൂടിക്കാഴ്ച എസ്ഡിപിഐ സ്ഥിരീകരിച്ചതോടെ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലായി.
Post Your Comments