കൊച്ചി: ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ഭാര്യ. വിവാഹമോചന കേസ് ഫയല്‍ ചെയ്തെങ്കിലും സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഭാര്യ അമ്പിളി ചക്കിങ്കല്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ ആക്ഷേപങ്ങളെ കുറിച്ച് പ്രതികരിക്കുമെന്ന് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കിലുടെ അറിയിച്ചു.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മുരളി ആദ്യഭാര്യയുമായി ബന്ധം തുടരുകയാണെന്നും പൊതുജനമധ്യത്തില്‍ അവരെ തന്റെ കുടുംബമായി അവതരിപ്പിക്കുകയാണെന്നും അമ്പിളി കുറ്റപ്പെടുത്തി. തന്നെയും മകെനയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും മുരളി കോടതി നടപടികളുമായി സഹകരിക്കുന്നില്ലെന്നും ഭാര്യ പറയുന്നു.
അതേസമയം അമ്പിളി ഭാര്യയാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്നും വിവാഹമോചനമാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്. വ്യക്തിജീവിതം എന്നത് അനവധി ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്ത് പറഞ്ഞാലും ആരെങ്കിലും ഒക്കെ മുറിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments