കോട്ടയം: വൈക്കോല്‍ കയറ്റിവന്ന ലോറി വൈദ്യുതക്കമ്പിയില്‍ ഉരസി തീ പിടിച്ചു. തീപിടിച്ച ഉടന്‍ ഡ്രൈവര്‍ സമീപത്തെ തോട്ടിലേക്ക് ലോറി ഓടിച്ചിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. മണലേപ്പള്ളി-കാട്ടടി റോഡില്‍ നാലുതോടുഭാഗത്ത് ഇന്നലെ രാത്രി 9നാണ് സംഭവം.കിഴക്കേ മണിയാപറമ്പ് പാടശേഖരത്തുനിന്നു വൈക്കോല്‍ കയറ്റി കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോവുകയായിരുന്നു ലോറി. പൊന്‍കുന്നം പള്ളത്തുവയലില്‍ അഭിലാഷ് ലാല്‍ (34) ആണ് ലോറി ഓടിച്ചിരുന്നത്. 3 സുഹൃത്തുക്കളും ലോറിയില്‍ ഉണ്ടായിരുന്നു. വൈക്കോല്‍ വൈദ്യുതക്കമ്പിയില്‍ ഉരസിയതാണ് തീ പിടിക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. പിന്നാലെ വാനില്‍ വന്ന ഇവരുടെ മറ്റു 2 സുഹൃത്തുക്കളാണ് തീപിടിച്ചത് ആദ്യം കണ്ടത്. ഇവരും നാട്ടുകാരില്‍ ചിലരും വിവരം അഭിലാഷ് ലാലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിനോടകം വൈക്കോല്‍ പൂര്‍ണമായും കത്തി. റോഡിനോട് ചേര്‍ന്ന് മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിലേക്ക് ഡ്രൈവര്‍ ലോറി ഓടിച്ചിറക്കി.
ലോറിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു. ലോറി ഓടിച്ചിറക്കുന്ന സമയത്ത് അഭിലാഷ് ലാലും വെള്ളത്തില്‍ ചാടി. വിവരം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഇവരില്‍ ചിലരും അഗ്‌നിശമന സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവശനിലയില്‍ അഭിലാഷ് ലാലിനെ പിന്നീട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments