മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനം. വിശാല പ്രതിപക്ഷ സഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ദിണ്ഡോരിയിലും ബീഹാറിലെ ഉജിയര്‍പുരിലും സിപിഎം ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയിൽ എന്‍സിപിയുമായി ചർച്ചകൾ നടന്നെങ്കിലും സീറ്റ് നിഷേധിച്ചതോടെയാണ് സിപിഎം ഈ തീരുമാനം എടുത്തത്.
ബീഹാറിൽ രാഷ്ട്രീയ ജനതാദളുമായി തർക്കം ഉണ്ടായതാണ് അവിടെ ഒറ്റക്ക് മത്സരിക്കാൻ കാരണം. നാസിക് ജില്ലയിലെ ദിണ്ഡോരി സീറ്റ് വേണമെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആവശ്യം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി വിജയിച്ച സീറ്റാണിത്. കര്‍ഷകരുടെ സ്വാധീന മേഖലയാണ് ദിണ്ഡോരി. കര്‍ഷകപ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും സി.പി.ഐ.എമ്മിന് നല്ല സ്വാധീനം ലഭിച്ച മേഖലയാണിത്. കഴിഞ്ഞ മാസം നടന്ന കിസാന്‍ സഭയുടെ രണ്ടാംഘട്ട ലോങ് മാര്‍ച്ച് വിജയത്തിലെത്തിച്ചാണ് കര്‍ഷകര്‍ മടങ്ങിയത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിച്ചത്. മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി ഗിരീഷ് മഹാജന് കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം. നാസിക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സര്‍ക്കാരിന്റ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പിരിച്ചു വിടുകയായിരുന്നു.
Post Your Comments