Latest NewsIndia

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് വനിതാ നേതാവ്

ന്യൂഡല്‍ഹി•കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലാംബ. ആം ആദ്മിയുടെ ഡല്‍ഹി ചാന്ദിനി ചൗക്കില്‍ നിന്നുള്ള എം.എല്‍.യാണ് അല്‍ക്ക. കോണ്‍ഗ്രസ് തന്നെ തിരികെ സ്വീകരിക്കുമെങ്കില്‍ താന്‍ പോകുമെന്നായിരുന്നു അല്‍ക്കയുടെ പ്രതികരണം. ഡല്‍ഹിയില്‍ മാത്രമല്ല, ഹരിയാനയിലും പഞ്ചാബിലും കോണ്‍ഗ്രസുമായി സഖ്യത്തിന് യാചിച്ചതിലൂടെ എ.എ.പി അതിന്റെ ദൗര്‍ബല്യം പൂര്‍ണ്ണമായും വെളിപ്പെടുത്തിയിരിക്കുകയാണെന്നും അല്‍ക്ക ഒരു മാധ്യമത്തോട് പ്രതികരിച്ചു.

1990 കളുടെ തുടക്കത്തില്‍ എന്‍.എസ്.യു.ഐ അംഗമായ അല്‍ക്ക 1995 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി ഘടകമാണ് എന്‍.എസ്.യു.ഐ. പിന്നീട് കോണ്‍ഗ്രസില്‍ അംഗമായ അല്‍ക്ക 2002 ല്‍ ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായി.

2013 ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന അല്‍ക്ക 2015 ല്‍ ഡല്‍ഹി നിയമ സഭയില്‍ ചാന്ദിനി ചൗക്കില്‍ നിന്നും വിജയിച്ചു.

‘ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എ.എ.പിയ്ക്ക് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന കാര്യം വ്യക്തമാണ്‌. ഞാന്‍ എപ്പോഴും ബി.ജെ.പിയുടെ ആശയത്തെ എതിര്‍ത്തിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ഏറ്റവും കൂടുതല്‍ ശേഷിയുണ്ടെന്ന ചിന്തയിലാണ് ഞാന്‍ എ.എ.പിയില്‍ ചേര്‍ന്നത്. ഇപ്പോഴത്തെ സാഹചര്യം വ്യക്തമാണ്‌. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. പ്രത്യേകിച്ചും ചാന്ദ്നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി പാര്‍ലമെന്റ് മണ്ഡലങ്ങളില്‍. ആം ആദ്മിയ്ക്ക് കോണ്‍ഗ്രസുമായി സഖ്യം ആവശ്യമെങ്കില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നതും തെറ്റായ തീരുമാനമായിരിക്കില്ല’ – അല്‍ക്ക പറഞ്ഞു.

ഡല്‍ഹി കോണ്‍ഗ്രസിലെ ഏതാനും മുതിര്‍ന്ന നേതാക്കള്‍ താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും തന്റെ തീരുമാനം പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

നേരത്തെ, എ.എ.പി മന്ത്രി സന്ദീപ്‌ കുമാര്‍ ഉള്‍പ്പടെ 9 എം.എല്‍.എമാര്‍ എ.എ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button