Latest NewsIndia

അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്‌നയാക്കി മര്‍ദിച്ചു, വിഡിയോ വാട്‌സാപ്പില്‍

പൊള്ളാച്ചി : അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി മര്‍ദിച്ചു, വിഡിയോ എടുത്ത് വാട്സാപ്പില്‍ ഇട്ടു. നിലവിളിച്ചപ്പോള്‍ പാതിനഗ്‌നയായ എന്നെ റോഡിലേയ്ക്ക് ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ തുറന്നു പറച്ചിലില്‍ പുറത്തുവരുന്നത് കൊടിയ ലൈംഗികപീഡന കഥകള്‍. തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടിയുടെ ഈ വാക്കുകള്‍. തനിക്കു സംഭവിച്ചതു തുറന്നു പറയാന്‍ അവള്‍ കാണിച്ച ധൈര്യം വിലങ്ങണിയിച്ചത് അഞ്ച് കൊടുംകുറ്റവാളികളെ. പ്രചാരണം ശരിയെങ്കില്‍ ഇരുനൂറോളം പെണ്‍കുട്ടികളെങ്കിലും ഇവരുടെ ഇരയായിട്ടുണ്ട്

പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു പണംതട്ടിയ കേസില്‍ തിരുനാവക്കരശ്, ശബരീരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നീ പ്രതികള്‍ക്കു പിന്തുണയുമായി ‘ബാര്‍’ നാഗരാജ് എന്നറിയപ്പെടുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകനും ചേര്‍ന്നതോടെയാണ് പ്രശ്‌നം രാഷ്ട്രീയപരമായും വിവാദമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍ത്തന്നെ വിഷയം ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ പ്രതികള്‍ക്കെതിരെ ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടിയും വീട്ടുകാരും അഭ്യര്‍ഥിക്കുന്നു- ‘ഇതിനെ രാഷ്ട്രീയമായി കാണരുത്. ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവിതം ഇവര്‍ തകര്‍ത്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ ലോകം അറിയണം’.

എന്നാല്‍ ആദ്യം പരാതി നല്‍കിയ പത്തൊന്‍പതുകാരി ഒഴികെ ആരും ഇതുവരെ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സിബിസിഐഡി ഉദ്യോഗസ്ഥര്‍ ഈ ഘട്ടത്തിലാണ് പീഡനത്തിനിരയായവര്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ഥിച്ചത്. എന്നാല്‍ കേസ് കൈകാര്യം ചെയ്ത രീതിയിലെ പാളിച്ചകളും പ്രതികളുടെ കൂട്ടാളികളുടെ ഭാഗത്തു നിന്നുള്ള ഭീഷണിയും കാരണമാകണം ആരും സഹകരിക്കുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൊള്ളാച്ചിയില്‍ നടന്ന പെണ്‍കുട്ടികളുടെ ആത്മഹത്യകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു പിന്നിലും ബ്ലാക്ക്‌മെയില്‍ സംഘമാണോയെന്നാണു പരിശോധന.

പ്രതികളുടെ കയ്യില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ് അവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. സംഭവത്തില്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തെരുവിലിറങ്ങി പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവവുമായി ഇതിനെ ബന്ധപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി, സംഭവത്തിന് ആവശ്യമായ പ്രാധാന്യം നല്‍കാതിരുന്നതിന് ദേശീയ മാധ്യമങ്ങളെയും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസില്‍ വന്‍ മാഫിയയുടെ സാന്നിധ്യം തെളിഞ്ഞതിനാല്‍ സിബിഐക്കു കൈമാറണമെന്നു സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button