തിരുവനന്തപുരം : സംസ്ഥാന പൊലീസിലെ സിപിഎം ഫ്രാക്ഷനെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസി അന്വേഷണം ആരംഭിച്ചതായി സൂചന.എ ആർ ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ കണ്മുന്നിൽ പൊലീസുകാർ തമ്മിലടിച്ച സംഭവത്തിനു പിന്നാലെയാണിത്. ഇന്റലിജൻസ് ഏജൻസിയുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്കും,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അടുത്ത ദിവസങ്ങളിൽ കൈമാറിയേക്കും .പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ഭാരവാഹിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എഎസ്ഐയും തമ്മിലായിരുന്നു എ ആർ ക്യാമ്പിൽ കൈയ്യാങ്കളി നടന്നത്.
മീറ്റിങ് കഴിഞ്ഞു ഡ്യൂട്ടി ഡീറ്റെയിലിങ് എഎസ്ഐ ക്യാമ്പിനു പുറത്തിറങ്ങുമ്പോൾ കമൻഡാന്റിന്റെ ഓഫിസിനു മുൻപിൽ നേതാവ് തടഞ്ഞു.തർക്കത്തിനിടെ നേതാവ് എഎസ്ഐയെ മർദിക്കുകയും ഉടുപ്പു വലിച്ചു കീറുകയും ചെയ്തു.ബഹളം കേട്ട് കമാൻഡന്റ് അടക്കമുള്ളവർ എത്തിയെങ്കിലും നേതാവിനെ കണ്ടതോടെ പിന്തിരിഞ്ഞു. പരിക്കേറ്റ് അവധിയിലായ എ എസ് ഐ പാർട്ടി നേതൃത്വത്തിനാണ് ഇതു സംബന്ധിച്ച പരാതി നൽകിയത് .
മേലുദ്യോഗസ്ഥർക്കു പരാതി നൽകിയാൽ ഒരു പ്രയോജനവും ഇല്ലാത്തതിനാലാണു പാർട്ടിയിൽ പരാതി നൽകുന്നതെന്നായിരുന്നു പൊലീസുകാരുടെ ഭാഷ്യം.ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത് . സംസ്ഥാനത്ത് 14 ലോക്കൽ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത് .28 പോലീസ് ജില്ലകളുണ്ടെങ്കിലും ഓരോ റവന്യൂ ജില്ലയിലെ പൊലീസ് അസോസിയേഷനുകളും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഉൾപ്പെട്ടതാണ് ഒരു ലോക്കൽ കമ്മിറ്റി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനാണ് ഇത്തരം ലോക്കൽ കമ്മിറ്റികളുടെ ചുമതല എന്നാണ് ആരോപണം.
Post Your Comments