ദൂരയാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. കൂട്ടത്തില്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പന്വുകളില്‍ കയറാറുമുണ്ട്. ദൂരയാത്രക്കിടയില്‍ നമ്മള്‍ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് അന്യനാട്ടുകാരാണെന്ന് മനസിലാക്കി നമ്മെ ഏറ്റവുമധികം കബളിപ്പിക്കുന്നത്. അന്യനാട്ടുകാരാണെന്ന് ബോധ്യപ്പെടുന്ന മാത്രയില്‍ പമ്പിലെ ജീവനക്കാര്‍ നമ്മെ പറ്റിക്കാന്‍ വട്ടം കൂടും എന്ന് കാര്യം വെളിപ്പെടുത്തുകയാണ് വിനോദ് കെപി എന്ന വ്യക്തി. സ്വന്തം അനുഭവം കൂടി മുന്‍നിര്‍ത്തി സഞ്ചാരി ഗ്രൂപ്പിലാണ് വിനോദിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
വിനോദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
യാത്രകള്‍ക്കു പറയുവാനുള്ളത് കാഴ്ചകളുടെ മാത്രം കഥയല്ല. അനുഭവങ്ങളുടെതും കൂടിയുണ്ട്. ചിലത് നന്മയുടെത് അല്ലെങ്കില്‍ തിന്മയുടെത്. അന്യ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ പ്രധാനമായും നമ്മള്‍ ചതിക്കപ്പെടുന്നത് ഫ്യൂവല്‍ സ്റ്റേഷനുകളിലാണ്. കര്‍ണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട് അല്പം ഭേദം എന്നു മാത്രം. നമ്മുടെ വാഹനം പമ്പിനകത്ത് കയറുന്ന നിമിഷം തന്നെ പമ്പ് ജീവനക്കാര്‍ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ ശ്രദ്ധിക്കും.
അന്യ സംസ്ഥാന റജിസ്‌ട്രേഷനാണെങ്കില്‍ അവര്‍ അവരുടെ നമ്പറുകള്‍ ഒന്നൊന്നായി പുറത്തെടുക്കും.
1) നമ്മുടെ വാഹനം ഫ്യൂവല്‍ മിഷ്യനില്‍ നിന്നും പരമാവധി മുന്‍പോട്ടേക്ക് വാഹനം ഒതുക്കി നിര്‍ത്തുവാന്‍ പറയും.
അവരുടെ ഉദ്ദേശ്യം ഇതാണ്, വാഹനത്തിനകത്ത് ഇരിക്കുന്നവരുടെ ദൃഷ്ടി പെട്ടെന്ന് മിഷ്യനില്‍ പതിയരുത്.
2) ജീവനക്കാര്‍ നമ്മുടെ സമീപം വന്നതിനു ശേഷം എത്ര രൂപക്ക് വേണമെന്നു ചോദിക്കുമ്പോള്‍ നമ്മള്‍ 1000 രൂപയാണ് പറയുന്നതെങ്കില്‍ അവര്‍ 300 രൂപക്ക് ഇന്ധനം നിറച്ചതിനു ശേഷം മിഷ്യന്‍ ഓഫ് ചെയ്യും. നമ്മള്‍ നോക്കുമ്പോള്‍ മിഷ്യനില്‍ 300. ഇതെന്താ, 1000 രൂപക്കാണല്ലോ പറഞ്ഞത് എന്നു ചോദിക്കുമ്പോള്‍ ക്ഷമിക്കണം സര്‍ 700 രൂപക്കും കൂടി ഫില്‍ ചെയ്യാം എന്നു പറയും. ഈ സമയത്തിനുള്ളില്‍ പമ്പിലെ മറ്റു ജീവനക്കാര്‍ നമ്മുടെ വാഹനത്തിനു സമീപം വന്നിരിക്കും. നമ്മോട് വാഹനത്തിന്റെ മൈലേജിനെ കുറിച്ചും, എങ്ങോട്ടാണ് യാത്ര പോകുന്നത് എന്നിങ്ങനെ പല കുശലാന്വേഷണങ്ങളും ആരംഭിക്കും.
അന്നേരത്തേക്കും, വാഹനത്തില്‍ ഇന്ധനം നിറക്കുന്ന ജീവനക്കാരന്‍ എണ്ണ അടിച്ചു കഴിഞ്ഞു എന്നു പറയും. മിഷ്യനില്‍ നോക്കുമ്പോള്‍ 700. അങ്ങിനെ 1000 രൂപയും നല്കി പമ്പില്‍ നിന്നും നമ്മള്‍ യാത്രയാകുന്നു. സത്യത്തില്‍ അവര്‍ 700 രൂപയുടെ ഇന്ധനം മാത്രമെ നിറക്കുന്നുള്ളൂ.
അതായത് ആദ്യം നിര്‍ത്തിയ 300 ല്‍ നിന്നും തന്നെയാണ് അവര്‍ വീണ്ടും 700 ല്‍ നിര്‍ത്തുന്നത്. അല്ലാതെ വീണ്ടും പൂജ്യത്തില്‍ നിന്നും തുടങ്ങുന്നില്ല. ഇവിടെ നമ്മുടെ ശ്രദ്ധ തിരിക്കുവാന്‍ വേണ്ടിയാണ് ജീവനക്കാര്‍ നമ്മളോട് കുശലം പറയുന്നത്.
ചില സ്ഥലത്ത് കുശലം പറയല്‍ ആണെങ്കില്‍, ചില സ്ഥലത്ത് പമ്പിലെ ജീവനക്കാര്‍ വന്നു നമ്മുടെ വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസ്സ് വെള്ളം ഒഴിച്ചു കഴുകി തരും. എങ്ങിനെയും ശ്രദ്ധ തിരിക്കുക എന്നു മാത്രം.
ചതി വേറെ രീതിയിലുമുണ്ട്
ഒരിക്കല്‍ എന്റെ അമ്മാവന്റെ ഒപ്പം കാറില്‍ ബാംഗ്‌ളൂരിലേക്കു പോകുമ്പോള്‍ ബിഡദിക്കു സമീപം ഒരു പമ്പില്‍ വാഹനം കയറ്റി. കര്‍ണാടക റജിസ്‌ട്രേഷന്‍ വാഹനമായിരുന്നു. ഞാന്‍ ടാങ്കിന്റെ ക്ലിപ്പ് തുറന്നു. ഈ സമയം അമ്മാവന്‍ എന്നോടു മലയാളത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ ജീവനക്കാരന്‍ വാഹനം അല്പം കൂടി മുന്‍പോട്ടു ഒതുക്കുവാന്‍ പറഞ്ഞു. ചതി മണത്തു തുടങ്ങി. പെട്ടെന്നു തന്നെ വേറെയും രണ്ടു ജീവനക്കാര്‍ വന്നു കാറിനു സമീപം നിന്നു. അതായത് മിഷ്യന്‍ കാണുവാന്‍ സാധിക്കാത്ത രീതിയില്‍.
എത്ര രൂപക്കാണ് വേണ്ടതെന്നു ചോദിച്ചപ്പോള്‍ 1000 എന്നു പറഞ്ഞു 2000 രൂപയുടെ നോട്ട് നല്കി. ജീവനക്കാരന്‍ 2000 രൂപ തിരിച്ചും മറിച്ചും നോക്കിയിട്ട് സര്‍, ഇതില്‍ ഗ്രീന്‍ ലൈന്‍ കാണുന്നില്ല എന്നു പറഞ്ഞു. അമ്മാവന്‍ ആകെ പരിഭ്രാന്തനായി. ഒരു നിമിഷത്തേക്ക് ഞാനും പതറി. ഇതിനിടയില്‍ ഒരു ജീവനക്കാരന്‍ ഇന്ധനം നിറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ കാര്യം എനിക്കു മനസ്സിലായി. ഇവരുടെ മറ്റൊരു സൂത്രം.
ഞാന്‍ കാറില്‍ നിന്നും ഇറങ്ങി വെളിയിലേക്ക് വന്നു. സര്‍ അടിച്ചു കഴിഞ്ഞു എന്നു ജീവനക്കാരന്‍. നോക്കുമ്പോള്‍ മിഷ്യനില്‍ 300. എനിക്കു ഒരു സംശയം തോന്നിയിട്ട് കാറിന്റെ എഞ്ചിന്‍ സ്വിച്ച് ഓണ്‍ ചെയ്‌പ്പോള്‍ ഫ്യൂവല്‍ മീറ്റര്‍ ഒരു പൊടിക്ക് അനങ്ങിയിട്ടില്ല. മിഷ്യനില്‍ 300 രേഖപ്പെടുത്തിയ ശേഷം കാറിന്റെ ടാങ്കിനുള്ളില്‍ ഗണ്‍ താഴ്ത്തിയിട്ട് അവര്‍ ഓണ്‍ ചെയ്യാതെ വെക്കുകയായിരുന്നു. 1000 ത്തിനാണല്ലോ നിറക്കുവാന്‍ പറഞ്ഞത് എന്നു ചോദിച്ചപ്പോള്‍ സോറി സര്‍, ഞാന്‍ 300 എന്നാണ് കേട്ടത്. ബാക്കി 700 രൂപക്ക് നിറക്കാമെന്നായി അവര്‍. ഞാന്‍ പറഞ്ഞു വേണ്ട, ആദ്യം മുതല്‍ 1000 രൂപക്ക് ഫില്‍ ചെയ്താല്‍ മതി.
അവര്‍ 1000 രൂപക്ക് നിറച്ചു തീരുന്നതു വരെ ഞാന്‍ മിഷ്യനില്‍ നിന്നും കണ്ണുകള്‍ മാറ്റിയിട്ടില്ല. ഫില്‍ ചെയ്തതിനു ശേഷം 1300 രൂപ എന്നു പറഞ്ഞു. അമ്മാവനോട് 2000 രൂപ തിരികെ വാങ്ങുവാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരനോടു 1300 ചില്ലറയുണ്ട് തരാം എന്നു പറഞ്ഞതിനു ശേഷം 2000 തിരികെ വാങ്ങി. ഞാന്‍ കാറിനകത്ത് കയറി സ്റ്റാര്‍ട്ട് ചെയ്ത ശേഷം 1300 നല്കാതെ 500 രൂപയുടെ രണ്ടു നോട്ടുകള്‍ നല്കി വാഹനം മുന്‍പോട്ടെടുത്തു. റിയര്‍ വ്യൂ കണ്ണാടിയില്‍ കൂടി നോക്കിയപ്പോള്‍ അവര്‍ പരസ്പരം സംസാരിക്കുന്നതു കണ്ടു. എന്റെ പുറകെ വരുവാന്‍ അവര്‍ ശ്രമിച്ചതുമില്ല.
പ്രത്യേകം ശ്രദ്ധക്ക് : അന്യ സംസ്ഥാനങ്ങളില്‍ ഫ്യൂവല്‍ സ്റ്റേഷനുകളില്‍ ചെന്നാല്‍ ജീവനക്കാര്‍ പറയുന്നതിനനുസരിച്ച് വാഹനം മുന്‍പോട്ട് ഒതുക്കരുത്. ഫ്യൂവല്‍ ഗണ്‍ ടാങ്കില്‍ പ്രവേശിക്കും എന്നു ഉറപ്പായാല്‍ അവിടെ നിര്‍ത്തുക. ടാങ്കിന്റെ ലിവര്‍ വലിച്ചതിനു ശേഷം ഇറങ്ങുവാനും, എത്ര രൂപക്കാണ് എണ്ണ വേണ്ടതെന്നും അവരോട് പറയുവാനും ശ്രമിക്കരുത്. കാറില്‍ നിന്നും ഇറങ്ങിയതിനു ശേഷം മാത്രം ഫ്യൂവലിന്റെ ലിവര്‍ വലിക്കുക. ഉടന്‍ തന്നെ മിഷ്യന്റെ മുന്‍പില്‍ ചെന്നു നില്ക്കുക. പൂജ്യത്തില്‍ നിന്നു തന്നെയാണോ ആരംഭിക്കുന്നതെന്നു ശ്രദ്ധിക്കുക. പറഞ്ഞ സംഖ്യ വരെ നിറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഈ സമയം നമ്മുടെ ശ്രദ്ധ തിരിക്കുവാന്‍ ആരെങ്കിലും വന്നാല്‍ തിരിഞ്ഞു നോക്കരുത്. ഇന്ധനം നിറയുന്നതു വരെ മസില്‍ പിടിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഇനി ഒരിക്കലും നമ്മള്‍ ചതിക്കപ്പെടരുത്.
Post Your Comments