Latest NewsKerala

ആന എഴുന്നള്ളിപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വനംവകുപ്പ്

തൃശൂര്‍: ആന എഴുന്നള്ളിപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വനംവകുപ്പ് . സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ പൂര്‍ണമായും വിലക്കി വനം വകുപ്പ് ഉത്തരവിറക്കിയത്. രാവിലെ 10നും വൈകീട്ട് മൂന്നരക്കും ഇടയില്‍ എഴുന്നള്ളിപ്പുകള്‍ പാടില്ലെന്ന മുന്‍ ഉത്തരവ് പരിഷ്‌കരിച്ചാണ് പുതിയ ഉത്തരവ്.

രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ആനകളെ എഴുന്നള്ളിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളില്‍ നിര്‍ത്തുന്നതും ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതും ചൂടിന് മാറ്റം വരുന്നതുവരെ നിരോധിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആന ഉടമകളെയും ഉത്സവ സംഘാടകരെയും ഇക്കാര്യം അറിയിക്കാനും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാനും ഉത്തരവ് നിര്‍ദേശിക്കുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എഴുപതോളം ആനകളാണ് ഇടഞ്ഞോടിയത്. ആറ് പേര്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചു. ചൂടും വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളുമാണ് ആനയെ അക്രമകാരിയാക്കുന്നതെന്ന് ആന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button