KeralaLatest News

ഇന്ന് ലക്ഷങ്ങൾ മുടക്കി വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബാർജ് മുങ്ങിപോയത് പത്ത് വർഷങ്ങൾക്ക് മുൻപ്; ദുരൂഹതയെന്ന് നാട്ടുകാർ

പയ്യോളി: കോട്ടക്കടപ്പുറം അഴിമുഖത്തിന് സമീപം പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ബാർജ് മുങ്ങി പോയിരുന്നു. കടുത്ത കടൽക്ഷോഭത്തെ തുടർന്നായിരുന്നു ബാർജ് മുങ്ങിപോയത്. എന്നാൽ ഇപ്പോൾ വീണ്ടും ഈ മുങ്ങിപ്പോയ ബാര്‍ജ് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്. ഇതിനായുള്ള യന്ത്രസാമഗ്രികള്‍ കോട്ടക്കടപ്പുറത്തെത്തിച്ച്‌ പ്രവൃത്തി ആരംഭിച്ചു. എന്നാൽ അതേ സമയം ലക്ഷങ്ങള്‍ ചിലവഴിച്ച് ബാര്‍ജിന്റെ ഈ വീണ്ടെടുപ്പില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ഗൗരവകരമായ ഒരു അന്വേഷണം നടന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് കനത്ത കടല്‍ക്ഷോഭത്തിനിടെ ഒരു കപ്പലില്‍ നിന്നും വേര്‍പെട്ട് ഒഴുകി തീരത്തെത്തി കരയില്‍ നിന്നും 50 മീറ്ററോളം അകലെ മണലില്‍ ഉറച്ചു പോവുകയായിരുന്നു ബാർജ്. അന്ന് ഇതിനകത്തുണ്ടായിരുന്ന അഞ്ച് ജീവനക്കാരും കുരിയാടി, വടകര സാന്റ് ബാങ്ക് പരിസരം, കോട്ടക്കടപ്പുറം തീരങ്ങളില്‍ നീന്തിയെത്തി രക്ഷപ്പെടുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഒരു കമ്പനിയുടെതാണ് ബാര്‍ജെന്നാണ് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞത്. തുടർന്ന് രണ്ട് വര്‍ഷം മുമ്പ് കമ്പനിയുടെ ആളുകളാണെന്ന് പറഞ്ഞ് ചിലരെത്തി വീണ്ടെടുപ്പിനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും ആ ശ്രമം പരാജയപ്പെടുകയും നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ ഉപേക്ഷിച്ച്‌ പോവുകയുമായിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും ബാർജ് വീണ്ടെടുക്കാൻ ആളുകൾ എത്തിയത്.

ഈ ബാര്‍ജില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച വിലപിടിപ്പുള്ള വസ്തുക്കളാണുള്ളതെന്ന സംശയമുണ്ടെന്നും അതുകൊണ്ടാണ് ലക്ഷങ്ങള്‍ ചിലവിട്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് നാട്ടുകാരുടെ സംശയം. ഇതു സംബന്ധിച്ച്‌ പൊലീസിനെയും കോസ്റ്റല്‍ പൊലീസിനേയും വിവരം അറിയിച്ചിട്ടുണ്ട്. എങ്കിലും വേണ്ട രീതിയിലുള്ള അന്വേഷണത്തിന് ഇവർ തയ്യാറായില്ലെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button