Latest NewsIndia

പൊള്ളാച്ചി പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

തമിഴ്നാട് പൊള്ളാച്ചിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രാഷ്ട്രീയ ഇടപെടലിനെതിരെ ഡി.എം.കെ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്.

സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.അണ്ണാ ഡി.എം.കെ നേതാവ് നാഗരാജന്‍, തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരാണ് പിടിയിലുള്ളത്. സംസാരിക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി. വഴിമധ്യേ സംഘത്തിലെ മറ്റ് മൂന്ന് പേര്‍ കൂടി കാറില്‍ പ്രവേശിച്ചു. കാറില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പൊലീസിന് പരാതി നല്‍കിയത്. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തി. അമ്പതിലധികം പെണ്‍കുട്ടികളെ ഇവര്‍ പീഡിപ്പിച്ചതായാണ് പൊലിസ് നല്‍കുന്ന വിവരം.കോയമ്പത്തൂര്‍ സെന്റ്രല്‍ ജയിലിലുള്ള പ്രതികളുടെ ജുഡീഷ്യല്‍ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി. ഇവര്‍ക്കെതിരെ ഗുണ്ടാആക്ട് ചുമത്തി. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവായ നാഗരാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button