![](/wp-content/uploads/2019/03/untitled-1-3.jpg)
കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാളില്‍ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നത്. ‘ഭക്തിയുടെ രൗദ്രഭാവം’ എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാള് മുതല്‍ അശ്വതി നാള് വരെയാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ മുഴുവന്‍ ക്ഷേത്രനട തുറന്നിരിക്കുന്നു. ഭരണിയോടനുബന്ധിച്ചു ദര്‍ശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂര്‍ പില്ക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലായപ്പോള്‍ ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന ദ്രാവിഡ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു.
ഭരണിയില്‍ പങ്കെടുക്കുന്ന ഭക്തര്‍ ക്ഷേത്രാങ്കണത്തില്‍ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകള്‍ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു. ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ബൗദ്ധരെ ഓടിക്കാന്‍ വേണ്ടിയായിരുന്നുവെന്നും; ശാക്തേയ ആചാരത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണിപാട്ട് പാടിയിരുന്നതെന്നും രണ്ടഭിപ്രായമുണ്ട്.
ആദ്യകാലത്തു ദ്രാവിഡജനത തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങളുടെ ഒരു പങ്ക് സമര്‍പ്പിച്ചുകൊണ്ട് തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ രോഷത്തോടെ പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാന്‍ ശിവഗണങ്ങള്‍ ദേവീസ്തുതികള്‍ പാടി നൃത്തം ചവിട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഉത്സവം എന്നും; അതല്ല നിരപരാധിയായ തന്റെ ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു സംഹാരരുദ്രയായി മധുരാനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാന്‍ വേണ്ടി ആണെന്നും വിശ്വസിക്കപ്പെടുന്നു.
ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കന്‍ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. കൊടുങ്ങല്ലൂര്‍ക്കാരായ ദ്രാവിഡരും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കുടുംബികള്‍, പുലയര്‍, അരയര്‍, വള്ളോന്‍, വേലന്‍ എന്നിങ്ങനെ പല സമുദായങ്ങള്‍ക്ക് ഭരണിയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്. തിരുവോണം നാളില്‍ വിശ്വകര്‍മ്മജര്‍ പട്ടും താലിയും സമര്‍പ്പിക്കുന്നതില്‍ തുടങ്ങി മലബാറിലെ തച്ചോളി വീട്ടുകാരുടെ ‘കോഴിക്കല്ല് മൂടല്‍’ ചടങ്ങാണ് പ്രധാനം. കോഴിക്കല്ലില്‍ ചുവന്ന പട്ടു വിരിച്ചു പൂവന്‍കോഴിയെ സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. രേവതി നാളില്‍ കളമെഴുത്തു പാട്ടും വിളക്കും ആണ് ചടങ്ങുകള്‍. അശ്വതി നാളില്‍ രാവിലെ പതിനൊന്ന് മണിയോടെ വടക്കേനട അടച്ചുപൂട്ടി രഹസ്യപൂജയായ ‘തൃച്ചന്ദനചാര്‍ത്ത്’ നടത്തുന്നു. ഇത് പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂര്‍ തമ്പുരാന് പട്ടുകുട ഉയര്‍ത്തുന്നതോടെ ‘കാവ് തീണ്ടല്’ ആരംഭിക്കുന്നു. ഈ സമയത്ത് ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും ധരിച്ച കോമരക്കൂട്ടങ്ങള്‍ ഉറഞ്ഞു തുള്ളുന്നു; ഭക്തര്‍ മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളില്‍ ആഞ്ഞടിച്ചു മൂന്ന് പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു. തുടര്‍ന്ന് പ്രസാദമായ ഉണക്കച്ചെമ്മീനും വാങ്ങി മടങ്ങുന്നു.
ഉതൃട്ടാതിനാള് മുതല്‍ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടന്മാര് കൂട്ടമായി എത്തിത്തുടങ്ങുന്നു. അവര്‍ തങ്ങളുടെ ‘അവകാശത്തറകളില്‍’ നിലയുറപ്പിക്കുകയും ചെയ്യുന്നു. രേവതി സന്ധ്യക്ക് കാളി ദാരികനില്‍ നേടിയ വിജയം അറിയിച്ചു കൊണ്ട് ‘രേവതി വിളക്ക്’ തെളിയുന്നു. ആയിരക്കണക്കിന് ഭക്തര്‍ ആണ് രേവതിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ചെമ്പട്ട് കൊണ്ട് കോഴിക്കല്ലു മൂടല്‍, കോഴിയെ സമര്‍പ്പിക്കുക, വാളും ചിലമ്പും എടുക്കുക, രോഗ ശാന്തിക്കായി മഞ്ഞളും കുരുമുളകും അഭിഷേകം, ശ്വാസകോശരോഗങ്ങള്‍ അകലുവാന്‍ തവിടാട്ടുമുത്തിക്ക് (ചാമുണ്ഡി) തവിട് ആടിക്കുക, ഇഷ്ടവിവാഹത്തിനും ദീര്‍ഘ മംഗല്യത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക തുടങ്ങി ധാരാളം വഴിപാടുകളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. കാവുതീണ്ടലിനെ തുടര്‍ന്നുള്ള ഏഴുനാള്‍ ക്ഷേത്ര നട അടച്ചിടുന്നു. ഈ ദിവസങ്ങളില്‍ പള്ളിമാടത്തില്‍ ആവാഹിച്ചിരുത്തുന്ന ഭഗവതിക്ക് മുന്പില് ഭക്തര്‍ക്ക് വഴിപാടുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കൗളമാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങള്‍ ആണ് പൊതുവേ ഭരണിക്ക് കാണപ്പെടുന്നത്. ഇത് ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്നു.
Post Your Comments