ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് യുവതിയും മക്കളും അഗ്നിക്കിരയായി. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഒരു മകളും രക്ഷപ്പെട്ടു. അഞ്ജന മിശ്ര (34), മക്കളായ രിഥി (2), നിക്കി (5) എന്നിവരാണ് മരിച്ചത്.
കാറില്‍ തീപടര്‍ന്നയുടന്‍ ഭര്‍ത്താവ് ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞുപോയി.
കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ ഭാഗത്തേക്കു പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്ന സിഎന്‍ജി ചോര്‍ന്നതാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബോണറ്റില്‍നിന്ന് ചെറിയ തീപ്പൊരി വന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉപേന്ദര്‍ കാര്‍ നിര്‍ത്തി പരിശോധിക്കാനായി റോഡരികിലേക്ക് മാറ്റി. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിനു മുമ്പു തന്നെ പിന്നില്‍നിന്നു തീപടരുകയായിരുന്നു.
പെട്ടെന്നു തന്നെ മുന്‍സീറ്റില്‍ ഇരുന്ന മൂന്നുവയസുകാരിയായ സിദ്ധിയെയും വാരിയെടുത്ത് ഉപേന്ദര്‍ പുറത്തുചാടി. എന്നാല്‍ അഞ്ജനയ്ക്കു ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. അവരും രണ്ടു കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി അഗ്നിക്കിരയായി. ഡോറിന്റെ ചില്ലു പൊട്ടിച്ച് ഭാര്യയെയും മക്കളെയും പുറത്തെടുക്കാന്‍ ഉപേന്ദര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Post Your Comments