സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം ആത്മാഭിമാനത്തോടെ ജീവിക്കേണ്ടത് ഓരോ സ്ത്രീയുടേയും കടമയാണെന്ന് വീണാജോര്‍ജ് എംഎല്‍എ. അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച പെണ്ണുണര്‍വ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. സ്ത്രീ ആയിരിക്കുകയെന്നത് ഏറ്റവും സൗഭാഗ്യകരമായ കാര്യമാണ്. മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇടങ്ങളിലേക്കെല്ലാം സ്ത്രീ ഇന്ന് കടന്ന് ചെന്നുകഴിഞ്ഞു. വീട് നന്നായി നോക്കുന്ന സ്ത്രീക്ക് സമൂഹവും നന്നായി നോക്കാന്‍ കഴിയും. സ്ത്രീയുടെ ശബ്ദം സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും സ്ത്രീകള്‍ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നവളാകണമെന്നും എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ സാഹിത്യകൂട്ടായ്മയുടെ കവിതാസമാഹാരം ‘പെണ്മ’ എംഎല്‍എ പ്രകാശനം ചെയ്തു. കവിയത്രി ആനന്ദിരാജ് പന്തളത്തേയും, ലഡാക്കില്‍ പോയ പതിനെട്ട് അംഗ സംഘത്തിലെ മലയാളിയായ അഞ്ജന.ടി.ചന്ദ്രനേയും എംഎല്‍എ ആദരിച്ചു. ലിംഗപദവി സമത്വവും നീതിയും എന്ന വിഷയത്തില്‍ സ്ത്രീ സുരക്ഷാസമിതി സെക്രട്ടറി മിനി കെ ഫിലിപ്പ് സെമിനാര്‍ അവതരിപ്പിച്ചു. ചരിത്രമെഴുതിയ സ്ത്രീകളെ കുറിച്ചുള്ള എക്സിബിഷനും, ഡോക്യുമെന്ററിയും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.
Post Your Comments