
ഭോപാൽ: മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി പ്രകടനം നടത്തി. അഴിമതിയും തൊഴിലില്ലായ്മയും വർദ്ധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.‘ഇത് നാണംകെട്ട സർക്കാരാണ്. രണ്ടര മാസം കൊണ്ട് അവർ ഈ സംസ്ഥാനത്തെ നശിപ്പിച്ചു. അഴിമതി എല്ലായിടത്തും വർദ്ധിച്ചിരിക്കുന്നു. ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നു.’ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിക്കുന്നു.
കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കർഷകക്ഷേമ പദ്ധതിയായ കിസ്സാൻ സമ്മാൻ നിധി രാജ്യത്ത് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടും മധ്യപ്രദേശിൽ മാത്രം പ്രാരംഭനടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
ശിവരാജ് സിംഗ് തുടങ്ങിവെച്ച പദ്ധതികൾ തകിടം മറിക്കുകയും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്ന കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാകേഷ് സിംഗ്.
Post Your Comments