കാഞ്ചിയാര്‍: വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമെന്ന് മന്ത്രി എം.എം.മണി. വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കി മുന്നോട്ടു പോകുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം, അഞ്ചുരുളി സ്നാക്സ് സെന്റര്‍, വിശ്രമകേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിശിക ഇല്ലാതെ ക്ഷേമ പെന്‍ഷനുകള്‍ , ഉപാധിരഹിത പട്ടയം, ഭവന പദ്ധതികള്‍ തുടങ്ങി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. കാഞ്ചിയാര്‍ മണക്കാട്ട് സെബാസ്റ്റിയന് ജോസഫ് മന്ത്രിയില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. കഴിഞ്ഞ പ്രളയത്തില്‍ മാട്ടുക്കടയില് വെള്ളക്കെട്ടിലകപ്പെട്ട സ്കൂള്‍ കുട്ടികളെ സാഹസികമായി രക്ഷപെടുത്തിയ പേരൂശേരില്‍ വി.ജി. അജീഷ്, പി.വി. വിനൂപ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്കി അനുമോദിച്ചു. കുടുംബശ്രീ മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പ വിതരണ ഉദ്ഘാടനവും മന്ത്രി യോഗത്തില്‍ നിര്‍വഹിച്ചു. റോഷി അഗസ്റ്റിന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജോയ്സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ലൈഫ് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 14 വീടുകളുടെ താക്കോല്‍ദാനമാണ് ആദ്യഘട്ടത്തില്‍ നടന്നത്. 16 വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 361 വീടുകള്‍ക്കായി 15 കോടി രൂപയോളമാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
Post Your Comments