പുരാണങ്ങളില്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വരക്ഷേത്രം വരും മുമ്പു തന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂര്‍ത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂര്‍ത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയില്‍ വരികയും, തുടര്‍ന്ന് അവിടെ സ്വാമി പുഷ്‌കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:
കലിയുഗാരംഭത്തില്‍, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാര്‍ ത്രിമൂര്‍ത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അര്‍ഹനാക്കേണ്ടതെന്ന കാര്യത്തില്‍ നാരദമഹര്‍ഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാര്‍, ഭൃഗുമഹര്‍ഷിയെ പറഞ്ഞുവിട്ടു. കാലില്‍ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹര്‍ഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് പരമശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല.
തുടര്‍ന്ന്, മഹാവിഷ്ണുവിനെ കാണാന്‍ വൈകുണ്ഠത്തിലെത്തിയ മഹര്‍ഷി കണ്ടത് താന്‍ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹര്‍ഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയില്‍ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാന്‍ പിന്നീട് ഇതില്‍ മാപ്പപേക്ഷിച്ചു. അങ്ങനെ ഭഗവാന്‍ ത്രിമൂര്‍ത്തികളില്‍ ഉത്തമനാണെന്ന് മഹര്‍ഷിക്ക് ബോധ്യപ്പെട്ടു. എന്നാല്‍, ഭൃഗു മഹര്‍ഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതില്‍ കോപിച്ച ശ്രീ ഭഗവതി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് പോകുകയും കോല്‍ഹാപൂര്‍ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോള്‍, അവിടെ പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്. (ഈ ക്ഷേത്രം മഹാരാഷ്ട്രയിലാണ്)
മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ പരമാത്മാവായ സാക്ഷാല്‍ അദിനാരായണന്‍, ശ്രീനിവാസന്‍ എന്ന പേരില്‍ മാനവരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ബ്രഹ്മാവും ശിവനും ലക്ഷ്മീദേവിയെ സമീപിച്ചു വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ബ്രഹ്മാവും ശിവനും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സേവനം ചെയ്യാന്‍ തയ്യാറായി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാല്‍, മഹാലക്ഷ്മി ഒരു യുവതിയുടെ വേഷത്തിലെത്തി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാല്‍ കൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരന്‍, പശുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍, അബദ്ധവശാല്‍ മുറിവുപറ്റിയത് ശ്രീനിവാസനായിരുന്നു. കുപിതനായ ശ്രീനിവാസന്‍, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏല്‍ക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നില്‍!
തുടര്‍ന്ന്, ശ്രീനിവാസന്‍ വളര്‍ത്തമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയില്‍, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരില്‍ ഒരു പുത്രിയുണ്ടായി. വിഷ്ണുപദ പ്രാപ്തിക്കായി തപസ് ചെയ്ത, ലക്ഷ്മിയുടെ തന്നെ അവതാരമായ വേദവതിയുടെ പുനര്‍ജ്ജന്മം ആയിരുന്നു പദ്മാവതി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്‌കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നില്‍ എന്നും പറയപ്പെടുന്നു.
ശ്രീനിവാസനുമായി പദ്മാവതിയുടെ വിവാഹം നടക്കുമെന്നും അത് മഹാഭാഗ്യമാണെന്നും നാരദമഹര്‍ഷി ആകാശരാജനെ അറിയിക്കുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മില്‍ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. വിവാഹ ചെലവുകള്‍ക്ക് ആവശ്യമായ ധനം ശ്രീനിവാസന്‍ കുബേരനില്‍ നിന്നും കടം വാങ്ങുന്നു. അങ്ങനെ ഭഗവാന്‍ സ്വയം കുബേരന് കടക്കാരനായി മാറുന്നു. സംഭവമറിഞ്ഞ മഹാലക്ഷ്മി തിരുമലയിലെത്തുന്നു. തന്റെ കടബാദ്ധ്യത വീട്ടാനായി കാണിക്കയര്‍പ്പിക്കുന്ന ഭക്തര്‍ക്ക് ഐശ്വര്യവും അഭീഷ്ടസിദ്ധിയും നല്‍കി അനുഗ്രഹിക്കണമെന്ന് ഭഗവാന്‍ മഹാലക്ഷ്മിയോട് ആവശ്യപ്പെടുന്നു. അപ്പോള്‍ ഭഗവാന്‍ വിശ്വരൂപം പ്രാപിക്കുകയും സ്വയം ശിലയായി മാറുകയും ചെയ്തു! സംഭവം കണ്ട എല്ലാവരോടും കലിയുഗദുരിതങ്ങള്‍ തീര്‍ക്കാന്‍ ഭഗവാന്‍ വെങ്കിടാദ്രിയില്‍ കുടികൊള്ളാന്‍ പോകുകയാണെന്ന് ബ്രഹ്മാവും പരമശിവനും പറയുകയുണ്ടായി. അപ്പോള്‍ ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചു ചേര്‍ന്നു. മഹാലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു. അങ്ങനെ ശ്രീദേവി ഭൂദേവി സമേതനായ മഹാവിഷ്ണു തിരുപ്പതിയില്‍ സര്‍വദുഃഖഹരനായി കുടികൊള്ളുന്നു. മഹാലക്ഷ്മിയാകട്ടെ ഭഗവദ് ഭക്തര്‍ക്ക് അഷ്ട ഐശ്വര്യങ്ങള്‍ ചൊരിഞ്ഞു കൊണ്ട് ഭഗവാനോടൊപ്പം നിലകൊള്ളുന്നു
Post Your Comments