ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍ വന്‍ കവര്‍ച്ച. ഓഫീസ് മുറി പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ രാത്രിയില്‍ പള്ളിയില്‍നിന്നും വൈദിക മന്ദിരത്തിലേക്കുള്ള ഗ്രില്‍ തുറന്ന് ഗ്ലാസ് ഡോറിന്റെ താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. വികാരിയുടെയും അസിസ്റ്റന്റ് വികാരിയുടെയും ഒന്നാം നിലയിലുള്ള മറ്റൊരു അസിസ്റ്റന്റ് വികാരിയുടെയും ഡീക്കന്റെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടിയശേഷം പള്ളിയുടെ ഓഫീസിലെത്തിയാണു മോഷണം നടത്തിയത്.
പള്ളിമുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒരു സ്റ്റീല്‍ അലമാരയും ഒരു തടി അലമാരയും പൊളിച്ചിട്ടുണ്ട്. സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയിട്ടുണ്ട്. എത്ര രൂപയാണ് മോഷണം പോയതെന്നു പരിശോധിച്ചു വരികയാണെന്നു പള്ളിക്കൈക്കാരന്മാര്‍ പറഞ്ഞു. സ്റ്റീല്‍ അലമാരയുടെ വാതില്‍ തകര്‍ത്ത് ലോക്കറുകളെല്ലാം തുറന്നിട്ട നിലയിലാണ്. വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയില്‍ ഉണ്ടായിരുന്ന രേഖകളും പണവും ഓഫീസിലുണ്ടായിരുന്ന ചെക്കുകളും മോഷണം പോയതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ കുര്‍ബാനയ്ക്കായി പള്ളിയിലേക്കു പോകാന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് വൈദികര്‍ പുറത്തുനിന്നും കതകു പൂട്ടിയ വിവരം മനസിലാക്കുന്നത്. വാതിലുകള്‍ തുറക്കാനാവാതെ വന്നപ്പോള്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയെ വിവരം അറിയിച്ചു. സെക്യൂരിറ്റി വന്നുനോക്കിയപ്പോഴാണ് എല്ലാ വൈദികരുടെയും മുറികള്‍ ഓടാമ്പലിട്ട് പൂട്ടിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണു വൈദിക മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള പള്ളി ഓഫീസും അലമാരകളും പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments