ന്യൂഡല്‍ഹി :ഇന്ത്യന്‍ സൈന്യത്തിലേയ്ക്ക് വനിതകള്‍ക്ക് സ്ഥിരംനിയമനം വരുന്നു. . സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങളില്‍മാത്രം വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം ഇനി 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവരെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് ഓഫിസര്‍മാരായി മാത്രം നിയമനം കൊടുത്തിരുന്ന മേഖലകളിലാണ് സ്ഥിരനിയമനം നടത്തുന്നത്. ഇക്കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവ് പ്രതിരോധമന്ത്രാലയം പുറത്തിറക്കി. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്സ് എന്നീ മേഖലകളില്‍ മാത്രമായിരുന്നു ഇതുവരെ വനിതകള്‍ക്ക് സ്ഥിരനിയമനം കൊടുത്തിരുന്നത്. സിഗ്നല്‍സ്, എന്‍ജിനീയേഴ്സ്, ആര്‍മി ഏവിയേഷന്‍, ആര്‍മി എയര്‍ ഡിഫന്‍സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ്, ആര്‍മി സര്‍വീസ് കോര്‍പ്സ്, ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ്, ഇന്റലിജന്‍സ് കോര്‍പ്സ് എന്നീ മേഖലകളാണ് പുതുതായി വനിതകള്‍ അവസരങ്ങളുമായി വാതില്‍ തുറക്കുന്നത്.
നാലു വര്‍ഷത്തെ സേവനം പുര്‍ത്തിയാക്കിയ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് വനിതകള്‍ക്ക് ഇനി സ്ഥിരനിയമനത്തിനു വേണ്ടിയുള്ള ഓപ്ഷന് സമര്‍പ്പിക്കാവുന്നതാണെന്നും പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യോഗ്യതയും ഒഴിവും പരിഗണിച്ച് അവര്‍ക്ക് പുതുതായി തുറന്നിട്ട മേഖലകളില്‍ നിയമനം കൊടുക്കും. രാജ്യത്തെ വന്‍ വനിതാ ശക്തിയെ കൂടുതലായി ഉള്‍ക്കൊള്ളുന്ന നടപടികളാണ് കുറച്ചുനാളുകളായി സൈന്യം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വ്യോമസേനയുടെ യുദ്ധവിഭാഗങ്ങളില്വരെ ഇപ്പോള്‍ വനിതകള്‍ക്ക് അവസരങ്ങളുണ്ട്. അടുത്തതായി നാവികസേനയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരാന്‍ പോകുകയാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. മൂന്നു പുതിയ പരിശീലനക്കപ്പലുകള്‍ കൂടി വരുന്നതോടെ കൂടുതല്‍ വനിതകളെ വിവിധ വിഭാഗങ്ങളിലായി നിയമിച്ച് വൈവിധ്യവല്‍ക്കരണവും നാവികസേന ലക്ഷ്യമിടുന്നുണ്ട്.
Post Your Comments