കൊളംബിയ: തലമുറകളെ എഴുത്തിന്റെ മാന്ത്രികതയിലേയ്ക്ക് ആകര്‍ഷിച്ച വിശ്വപ്രസിദ്ധ സാഹിത്യകാരന് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ വെബ് സീരീസാവുന്നു. ലോകമെങ്ങുമുള്ള വായനക്കാര്‍ കൊണ്ടാടിയ ലോകസാഹിത്യത്തിലെ വിഖ്യാത രചനയെ സ്ക്രീനിലെത്തിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്പാനിഷ് ഭാഷയിലാണ് വെബ് സീരീസ് നിര്‍മ്മിക്കുക. മാര്‍കേസിന്റെ ജന്മദേശമായ കൊളംബിയയില്‍ തന്നെയാകും ചിത്രീകരണം. മാര്‍കേസിന്റെ മക്കളായ റോഡ്രിഗോ ഗാര്‍സ്യ, ഗോണ്‍സാലോ ഗാര്‍സ്യ എന്നിവരാകും വെബ് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മാര്‍കേസിന്റെ ജീവിതകാലത്തുതന്നെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ സിനിമയാക്കാന്‍ പല നിര്‍മ്മാതാക്കളും സമീപിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ സിനിമയ്ക്കുള്ളില്‍ പുസ്തകം ഒതുക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മകന് റോഡ്രിഗോ ഗാര്‍സ്യ പറഞ്ഞു. എന്നെങ്കിലും ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് ചലച്ചിത്രരൂപം ഉണ്ടാകുകയാണെങ്കില്‍ അത് സ്പാനിഷില്‍ തന്നെ വേണമെന്നും മാര്‍കേസിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ‘കോളറാ കാലത്തെ പ്രണയം’ അടക്കമുള്ളമാര്കേസിന്റെ പല കൃതികളും സിനിമയായിട്ടുണ്ടെങ്കിലും ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് ഇന്നോളം ചലച്ചിത്രഭാഷ്യം ഉണ്ടായതുമില്ല. വെബ് സീരീസിന് സമയം പരിമിതിയല്ലാത്തതുകൊണ്ട് നോവലിന്റെ ബൃഹദാഖ്യാന രൂപം സ്ക്രീനിലും പ്രതിഫലിക്കുമെന്നാണ് മാര്‍കേസിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.
1967ലാണ് മാര്‍കേസിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കപ്പെടുന്ന ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ ആദ്യം പ്രസിദ്ധീകരിച്ചത്. ‘ലാറ്റിനമേരിക്കയുടെ ഉല്‍പ്പത്തിപ്പുസ്തകം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നോവലിന്റെ അഞ്ചുകോടിയിലേറെ പ്രതികളാണ് നാല്‍പ്പത്തിയാറ് ഭാഷകളിലായി ലോകമെമ്പാടും വിറ്റുപോയത്. മാര്‍കേസിനെ വിശ്വവിഖ്യാത സാഹിത്യകാരന്മാരുടെ നിരയിലേക്ക് ഉയര്‍ത്തിയ നോവലാണിത്.
Post Your Comments