തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശം. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സുരേഷ് ആണ് നിര്‍ദ്ദേശം നല്‍കിയത്. താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തില്‍ ഇറുകിയ യൂണിഫോം, സോക്സ്, ഷൂസ്, ടൈ, തലമുടി ഇറുകി കെട്ടുക എന്നിവ നിര്‍ബന്ധമാക്കരുതെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. യൂണിഫോമിന്റെ ഭാഗമാണെങ്കിലും ചൂടു കൂടുതലുള്ള സമയങ്ങളില്‍ ഇവ ധരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
പകല്‍ 9.30 മുതല്‍ 1.30 വരെ സിബിഎസ്ഇ സ്‌കൂളുകളില്‍ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കഠിനമായ ചൂടില്‍ കര്‍ശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് സിബിഎസ്ഇ ഉറപ്പുവരുത്തണം. പരീക്ഷാ ഹാളിലും ക്ലാസ് മുറികളിലും ഫാനുകള്‍, കുടിവെള്ളം തുടങ്ങിയവ സജ്ജീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ചിക്കന്‍പോക്സ്, അഞ്ചാംപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം സംവിധാനം ഉറപ്പു വരുത്തണം. വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സ നല്‍ കാന്‍ മുന്‍കരുത സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Post Your Comments