ന്യൂഡൽഹി: തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നും ഇരുപത്തിയൊന്ന് ലക്ഷം രൂപ കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് സംഭാവന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേള ശുചീകരണ തൊഴിലാളികൾക്ക് താൻ പാദനമസ്കാരം ചെയ്യുന്നതായും പ്രധാനമന്ത്രി അറിയിച്ചു.ജനുവരി 15 മുതൽ മാർച്ച് 4 വരെ നീണ്ടു നിന്ന മഹാതീർത്ഥാടന കാലത്ത് തൊഴിലാളികൾ ഉന്നതമായ ശുചീകരണ നിലവാരമാണ് പ്രകടിപ്പിച്ചതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് തുക വകയിരുത്തപ്പെടും.
അനുമോദന ചടങ്ങിനിടെ പ്രധാനമന്ത്രി തൊഴിലാളികളിൽ ചിലരുമായി നേരിട്ട് സംസാരിക്കുകയും ‘കർമ്മയോഗികൾ’ എന്ന് ശുചീകരണ തൊഴിലാളികളെ സംബോധന ചെയ്യുകയും ചെയ്തു. നേരത്തെ പ്രധാനമന്ത്രി ഇവരുടെ പാദങ്ങൾ കഴുകി പൂജ ചെയ്തത് വലിയ വാർത്തയായിരുന്നു. അടുത്തയിടെ ദക്ഷിണ കൊറിയയിൽ വെച്ച് ലഭിച്ച സിയോൾ സമാധാന പുരസ്കാരത്തിന്റെ ഭാഗമായി ലഭിച്ച ഒരുകോടി മുപ്പത് ലക്ഷത്തോളം വരുന്ന പുരസ്കാരത്തുക അദ്ദേഹം നമാമി ഗംഗാ പദ്ധതിക്ക് സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്കാരങ്ങളുടെ ലേലത്തിൽ നിന്നും ലഭിച്ച മൂന്ന് കോടി നാൽപ്പത് ലക്ഷത്തോളം വരുന്ന തുക അദ്ദേഹം ഗംഗാ ശുചീകരണ പദ്ധതിക്കായി സമർപ്പിച്ചിരുന്നു.
2015വരെ അദ്ദേഹത്തിന് ലഭിച്ച മുഴുവൻ പുരസ്കാരങ്ങളുടെയും ലേലത്തിലൂടെ സമാഹരിച്ച എട്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയും അദ്ദേഹം വിവിധ ക്ഷേമ പദ്ധതികൾക്കായി സംഭാവന ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് സ്വകാര്യ സമ്പാദ്യത്തിൽ നിന്നും ഇരുപത്തിയൊന്ന് ലക്ഷം രൂപ അദ്ദേഹം സംസ്ഥാനത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി സമർപ്പിച്ചിരുന്നു.
Post Your Comments