സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ 300 ബിരുദാനന്തര ബിരുദ സീറ്റുകള്‍ നഷ്ടമായി. പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ പി.ജി ഡിഗ്രി കോഴ്‌സുകളാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതാണ് കാരണം. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളും മറ്റു സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷ നല്‍കി സീറ്റുകള്‍ നേടിയെടുത്തു.
മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധനകളില്‍ ഇളവു നല്‍കിയതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പി.ജി ഡിഗ്രി കോഴ്‌സുകള്‍ നേടിയെടുക്കാനുള്ള സാഹചര്യമാണ് ഇതോടെ ഒരുങ്ങിയത്. സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കാന്‍ സാധിക്കൂ. എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് അപേക്ഷ നല്‍കാന്‍ അനുമതി നല്‍കിയില്ല.
മെഡിക്കല്‍ കോളജുകളിലെ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ പി.ജി ഡിഗ്രി കോഴ്‌സുകളാക്കി ഉയര്‍ത്താന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കോഴ്‌സുകള്‍ ആവശ്യമുള്ള മെഡിക്കല്‍ കോളജുകളോട് അപേക്ഷ നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ദേശീയ തലത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ കോഴ്‌സുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. അധ്യാപക ജോലിക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉപരിപഠനത്തിനും പി.ജി ഡിപ്ലോമ മതിയാവില്ല. അത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന നല്ല അവസരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.
Post Your Comments