കൊച്ചി : മിനി ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചു നശിച്ചു. ഡീസല്‍ടാങ്ക് പൊട്ടിത്തെറിച്ചെങ്കിലും വന്‍ദുരന്തം ഒഴിവായി. പേപ്പര്‍ മാലിന്യം കയറ്റിപ്പോയ മിനി ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു സമീപം ചിറ്റേത്തുകര ബോട്ട് ജെട്ടി റോഡില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ചിറ്റേത്തുകരയിലെ പ്രസില്‍ നിന്നു കയറ്റിയ പേപ്പര്‍ മാലിന്യവുമായി ഇട റോഡിലേക്കിറങ്ങിയ ലോറി സമീപത്തു കിടന്നിരുന്ന മറ്റൊരു വാഹനത്തില്‍ മുട്ടാതിരിക്കാന്‍ ഒതുക്കിയപ്പോഴാണു വൈദ്യുതി ലൈനില്‍ നിന്നു പേപ്പര്‍ക്കൂനയ്ക്കു തീപിടിച്ചത് .
പേപ്പര്‍ കത്തി തുടങ്ങിയതോടെ സമീപത്തുണ്ടായിരുന്നവര്‍ ബഹളം വച്ചു ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തി. വൈദ്യുതി ലൈനിനു താഴെ നിന്നു ലോറി നീക്കിയ ശേഷം ഡ്രൈവര്‍ ഇടപ്പള്ളി സ്വദേശി താഹിര്‍ ചാടി രക്ഷപ്പെട്ടു. പേപ്പര്‍ക്കൂന മുഴുവന്‍ കത്തിയമര്‍ന്നതോടെ ലോറിയിലേക്കും തീ പടര്‍ന്നു. നാലു ടയറുകളും ക്യാബിനും വശങ്ങളും ഉള്‍പ്പെടെ ലോറിയുടെ ഭൂരിഭാഗവും അഗ്‌നിക്കിരയായി.
Post Your Comments