Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsArticle

ലിംഗസമത്വമില്ലാതെ കേരളത്തിലെ തൊഴില്‍ മേഖലതൊഴില്‍ പങ്കാളിത്തം കുറവ് മലപ്പുറത്ത്

പലകാര്യങ്ങളിലും പുരുഷന്‍മാരേക്കാളും ഒരു പടി മുമ്പിലോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ സ്ത്രീകളുമുണ്ടെന്ന് ഗവേഷണങ്ങളില്‍ കൂടി വ്യക്തമായതാണ്. ഒരേ സമയം പലകാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള കഴിവിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. കുടുംബത്തിനാവശ്യമായ ആഹാരം പാചകം ചെയ്തും കുട്ടികളെ പരിപാലിച്ചും മറ്റുജോലികളില്‍ ഏര്‍പ്പെട്ടും പണ്ടുമുതല്‍ തന്നെ സ്ത്രീകള്‍ ഈ കഴിവ് തെളിയിച്ചവരാണ്. എന്നാല്‍ ഈ കഴിവുകളൊക്കെ ഉണ്ടായിട്ടും തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ് എന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ട്.

അഭ്യസ്തവിദ്യരെങ്കിലും തൊഴില്‍ രഹിതര്‍

സംസ്ഥാനത്തെ എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ടിലാണ് തൊഴില്‍ മേഖലയിലെ ഈ ലിംഗ അസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു അഭ്യസ്തവിദ്യരായ സ്ത്രീകള്‍ കേരളത്തിലാണ് കൂടുതലെങ്കിലും, ജോലിയില്‍ പങ്കാളിത്വത്തിലും വേതനത്തിന്റെ കാര്യത്തിലും കേരളീയ സ്ത്രീകള്‍ ഒരുപാട് പിന്നിലാണ്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെയാണ് ഈ അന്തരം. ‘ജന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്‌സ് 2017 -18 ‘ നിലാണ് തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് വിശദീകരിക്കുന്നത്. അകെ ജനസംഖ്യയില്‍ ഉള്ള തൊഴിലാളികളുടെ എണ്ണം ആണ് ഈ നിരക്ക്.

സംസ്ഥാനത്തെ ജില്ലകളില്‍ തൊഴിലില്ലായ്മ അധികവും സ്ത്രീകള്‍ക്കിടയിലാണ്.2011 -12 ലെ എന്‍ എസ് എസ് ഓ കണക്കനുസരിച്ചു അകെ തൊഴിലില്ലായ്മാ 6 .7 ശതമാനമാണ്. സ്ത്രീകള്‍ക്കിടയിലെ 14 .1 ഉം പുരുഷന്മാര്‍ക്കിടയിലെ 2 .7 ഉം ഈ വ്യത്യാസത്തിലേക്കു വെളിച്ചം വീശുന്നു. ദിവസക്കൂലിക്കു ജോലി ചെയ്യുന്നവര്‍ക്കിടയില്‍ വേതനത്തിലും ഈ വേര്‍തിരിവ് കാണാവുന്നതാണ്. നാട്ടുമ്പുറങ്ങളില്‍ പുരുഷന്മാര്‍ക്ക് 345 .12 രൂപ ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് കേവലം 169 .61 ആണ് ലഭിക്കുന്നത്. നഗരത്തില്‍ പുരുഷന് 335 .76 രൂപ ലഭിക്കുമ്പോള്‍ സ്ത്രീക്ക് വെറും 167 .56 ആണ് വേതനം. ഏതു മേഖലയിലാണെങ്കിലും ഈ പുരുഷ മേല്‍ക്കോയ്മ ദൃശ്യമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ പങ്കാളിത്തം കുറവ് മലപ്പുറത്ത്

നഗര ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറ്റവും കുറവുള്ളത് മലപ്പുറത്താണ്. 2017 -18 കാലഘട്ടത്തില്‍ തൊഴില്‍ തേടുന്നവരില്‍ സ്ത്രീകളുടെ എണ്ണം 63 .20 ശതമാനമാണ്. തിരുവനന്തപുരം ,കോഴിക്കോട് ,കൊല്ലം എന്നിവിടങ്ങളിലാണ് തൊഴില്‍ തേടുന്ന സ്ത്രീകള്‍ കൂടുതല്‍. മുഴുവന്‍ ജോലികളില്‍ 39 ശതമാനം ചെയുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് കഴിവില്ലാഞ്ഞല്ല തൊഴില്‍മേഖലയില്‍ അവരുടെ പങ്കാളിത്തം കുറയുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തെ സംബന്ധിച്ച് പൊതുവേ സ്ത്രീകള്‍ അന്തര്‍മുഖരാണ്.

വിദ്യാഭ്യാസമുണ്ടായിട്ടും നല്ല ജോലിക്കായി ശ്രമിക്കാതെ കുട്ടികളെയും മറ്റും നോക്കി കുടുംബം ശ്രദ്ധിച്ചുകഴിയാന്‍ താത്പര്യപ്പെടുന്നവരുമുണ്ട്. അതേസമയം ജോലി ചെയ്യാന്‍ ആഗ്രഹിച്ചിട്ടും കുടുംബത്തില്‍ നിന്നുള്ള പിന്തുണയില്ലായ്ക കാരണം അതിന് കഴിയാതെ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീകളും ധാരാളമുണ്ട്. അസംഘടിതമേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറായെത്തുന്ന സ്ത്രീകള്‍ വളരെ കുറവാണ്. മിഥ്യാഭിമാനവും ആത്മവിശ്വാസമില്ലായ്കയും കാരണം കുടുംബം മുന്നോട്ട് കൊണ്ടുപോകാനാത്ത വിധം പ്രതിസന്ധിയിലാണെങ്കിലും സ്ത്രീകളെ ജോലിക്ക് അയക്കാത്ത പുരുഷന്‍മാരുമുണ്ട്.

ദേശീയതലത്തിലും സ്ത്രീ പ്രാതിനിധ്യം കുറവ്

കേരളത്തില്‍ മാത്രമല്ല രാജ്യത്തെ സ്ഥിതി പരിശോധിച്ചാലും സ്ത്രീ പ്രാതിനിധ്യം കുറവ് തന്നെ. 1990 മുതലുള്ള സ്ത്രീപ്രാതിനിധ്യ സൂചികയില്‍ ഇന്ത്യ താഴെ നില്‍ക്കുന്നു. 2017ല്‍ ലോകബാങ്ക് സര്‍വേയില്‍ 133 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 121-ാം സ്ഥാനത്തായിരുന്നു. അടുത്ത റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴെപ്പോകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. എല്‍പ്പിക്കുന്ന ഒരു ജോലിയില്‍ മാത്രം ശ്രദ്ധപതിപ്പിച്ച് പുരുഷന്‍മാര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഒരേ സമയം പലജോലികളില്‍ ശ്രദ്ധപതിപ്പിച്ച് അവ പൂര്‍ത്തിയാക്കാനുള്ള സ്ത്രീകളുടെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ലൈംഗിക പീഡനം, വിവേചനം, കുറഞ്ഞ വേതനം, അരക്ഷിതാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ തൊഴിലിടത്തുനിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തുന്നെന്നാണ് വിലയിരുത്തല്‍.

2018 അവസാനിക്കുമ്പോള്‍ അസംഘടിത മേഖലയില്‍ ജോലി ചെയുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയ വിജി തന്റെ പെണ്‍കൂട് എന്ന സംഘടനയെ ആഗോളതലത്തില്‍ എത്തിക്കുന്നത് നാം കണ്ടു. കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുന്നേറ്റ സൂചകമായി അനേകം സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ ഉണ്ട്. ഒരു വനിതാ ദിനവും കൂടി അടുക്കാറാവുമ്പോള്‍ സ്ത്രീ സൗഹൃദമായ അന്തരീക്ഷം തൊഴില്‍ ഇടങ്ങളില്‍ സൃഷ്ടിക്കാനും സ്ത്രീകളുടെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗിക്കുവാനും നമ്മുക്ക് സാധ്യമാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button