തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ കെഎസ്ഇബി നടപടി ആരംഭിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് അണക്കെട്ടുകളിലെ വെള്ളം പരമാവധി നിലനിര്‍ത്താനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 81 മില്യണ്‍ യൂണിറ്റായിരുന്നു അത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി അവസാനം വാരം തന്നെ വൈദ്യതി ഉപഭോഗം 78 മില്യണ്‍ യൂണിറ്റ് കടന്നു. കൊടും ചൂടിനെ മറി കടക്കാന്‍ എസിയുടേയും ഫാനിന്റെ ഉപയോഗം കൂടുന്നതാണിതിന് പ്രധാന കാരണം.
ഉത്സവ സീസണിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോഡിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ മൂന്നിലൊന്ന് മാത്രമാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. വരള്‍ച്ച മുന്നില്‍ കണ്ട് ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദം നിയന്ത്രിക്കാനാണ് തീരുമാനം.
കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിക്കും ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ നിന്നും വാങ്ങുന്ന വൈദ്യുതിക്കും യൂണിറ്റിന് പരമാവധി 4.30 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍, ഉപഭോഗം 81 മില്യണ്‍ യൂണിറ്റിന് മുകളിലേക്ക് പോയാല്‍ സ്വകാര്യ നിലയങ്ങളില്‍ നിന്ന് യൂണിററിന് 8 രൂപയോളം നല്‍കി വൈദ്യുതി വാങ്ങേണ്ടിവരും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിയേക്കും.
Post Your Comments