ബാരാമുള്ള: ആധാര്‍ കാര്‍ഡ് സ്വന്തമാക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച അഫ്സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. ഇന്ത്യന്‍ പൗരനാണെന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ആവശ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് ആണെന്നും പതിനെട്ടുകാരനായ ഗാലിബ് വ്യക്തമാക്കി. വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിന് വേണ്ടിയാണ് പാസ്പോര്‍ട്ട് നേടാന്‍ ശ്രമിക്കുന്നത്. ഭൂതകാലങ്ങളില്‍ സംഭവിച്ചുപോയ തെറ്റുകളില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും ഗാലിബ് പറയുന്നു.
പത്താം ക്ലാസ്സിലും പ്ലസ് ടുവിനും മികച്ച മാര്‍ക്ക് വാങ്ങിയ ഗാലിബിന് വിദേശത്ത് നിന്ന് മെഡിക്കല്‍ പഠനത്തിനായി നിരവധി അവസരങ്ങളാണ് എത്തുന്നത്. എന്നാല്‍ ഇതെല്ലാം കിട്ടണമെങ്കില്‍ തനിയ്ക്ക് ഒരു പാസ്‌പോര്‍ട്ട് വേണമെന്നും ഗാലിബ് പറയുന്നു. ‘അന്താരാഷ്ട്ര മെഡിക്കല്‍ പഠനത്തിന് എനിക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനങ്ങള്‍ ഉണ്ട്. ഒരു പാസ്‌പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ആധാര്‍ കാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ഞാന്‍ ഇന്ത്യന്‍ പൗരനാണെന്നൊരു തോന്നലുണ്ട്. എന്ന് ഗാലിബ് പറഞ്ഞു.
ജമ്മു കശ്മീരിലെ ബാരാമുള്ളയ്ക്കടുത്ത് ഗുല്‍ഷാനാബാദിലാണ് അഫ്‌സല്‍ ഗുരുവിന്റെ വീട്. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷം, ഗാലിബിനെ കുടുംബം എല്ലാറ്റില്‍ നിന്നുമകറ്റിയാണ് വളര്‍ത്തിയത്. അമ്മ തബസ്സുമിനും മുത്തച്ഛന്‍ ഗുലാം മുഹമ്മദിനുമൊപ്പമാണ് ഗാലിബ് വളര്‍ന്നത്.
പത്താംക്ലാസ്സില്‍ 95 ശതമാനവും പന്ത്രണ്ടാംക്ലാസ്സില്‍ 86 ശതമാനവും മാര്‍ക്ക് വാങ്ങിയ മിടുക്കനാണ് ഗാലിബ് ഗുരു. അച്ഛന്‍ അഫ്‌സല്‍ ഗുരുവും പഠിച്ചത് മെഡിസിനാണ്. ഷേര്‍ എ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനില്‍ നിന്ന് എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പക്ഷെ അഫ്‌സല്‍ ഗുരുവിന് കഴിഞ്ഞില്ല. അച്ഛനെപ്പോലെ മെഡിസിന്‍ പഠിക്കണമെന്നാണ് ഗാലിബിന്റെയും ആഗ്രഹം.
മെയ് അഞ്ചാം തീയതി നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി പഠിയ്ക്കുകയാണ് ഗാലിബിപ്പോള്‍. ”ഇവിടെ മെറിറ്റില്‍ സീറ്റ് കിട്ടണമെന്നും പഠിക്കണമെന്നുമാണ് ആഗ്രഹം. ഇവിടെ സീറ്റ് കിട്ടിയില്ലെങ്കില്‍ തുര്‍ക്കിയിലെ ഒരു മെഡിക്കല്‍ കോളേജില്‍ എനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിയേക്കും. അങ്ങനെ ഉപരിപഠനത്തിനായി പുറത്തേയ്ക്ക് പോകണം.” ഗാലിബ് പറയുന്നു.
തീവ്രവാദസംഘടനകളുടെ പിടിയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതിന് അമ്മയോടാണ് ഗാലിബ് നന്ദി പറയുന്നത്.
Post Your Comments